മധ്യപ്രദേശിൽ കോൺഗ്രസ് വലിയ ഒറ്റകക്ഷി : ബിഎസ്പിയുടേയും സമാജ്‌വാദി പാർട്ടിയുടെയും പിന്തുണ
ന്യൂഡൽഹി : 24 മണിക്കൂർ നീണ്ടുനിന്ന വോട്ടെണ്ണലിനൊടുവിൽ മധ്യപ്രദേശിൽ കോൺഗ്രസ് വലിയ ഒറ്റകക്ഷി. കോൺഗ്രസ് 114 സീറ്റുനേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് 109 സീറ്റുകളാണ് ലഭിച്ചത്. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കോൺഗ്രസ് പാർട്ടി നേതൃത്വം ഇന്നലെത്തന്നെ ഗവർണർക്ക് കത്ത് നൽകി. പാർട്ടിക്ക് സ്വതന്ത്രർ ഉൾപ്പെടെയുള്ളവരുടെ പിന്തുണയുണ്ടെന്നു കോൺഗ്രസ് നേതാവ് കമൽനാഥ് എംപി അവകാശപ്പെട്ടു. എന്നാൽ കക്ഷിനില പൂർണമായി അറിഞ്ഞതിനു ശേഷമേ അനുമതി നൽകൂവെന്ന് ഗവർണർ അറിയിച്ചു.
മധ്യപ്രദേശിൽ മായാവതിയുടെ ബിഎസ്പിയും അഖിലേഷിന്റെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ, ഭൂരിപക്ഷമുണ്ടെന്നുകാട്ടി ബിജെപിയും ഗവർണറെ കാണും. നരേന്ദ്ര മോദിക്കുപിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേലാണ് ഇവിടുത്തെ ഗവർണർ. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
ഛത്തീസ്ഗഡിൽ കോൺഗ്രസ് ലീഡുചെയ്യുന്ന ഒരു മണ്ഡലത്തിലെ ഫലം ഇനിയും പുറത്തുവന്നിട്ടില്ല. നിലവിലെ സ്ഥിതിയനുസരിച്ച് കോൺഗ്രസ് 67 സീറ്റിലും ബിജെപി 15 സീറ്റിലും വിജയിച്ചു. രാജസ്ഥാനിലെ ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസ് – രാഷ്ട്രീയ ലോക്ദൾ സഖ്യം കേവല ഭൂരിപക്ഷം നേടി. കോൺഗ്രസിന് 99 ലും ആർഎൽഡി ഒരു സീറ്റിലുമാണ് ജയിച്ചത്. 100 സീറ്റാണ് രാജസ്ഥാനിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യം. 10 കോൺഗ്രസ് റിബലുകളും ഇവിടെ ജയിച്ചിട്ടുണ്ട്. ബിജെപിക്ക് 73 സീറ്റുകളാണ് ലഭിച്ചത്.
മിസോറമിൽ തുടക്കം മുതലേ വ്യക്തമായ ഭൂരിപക്ഷത്തോടെ മിസോ നാഷനൽ ഫ്രണ്ട് (എം.എൻ.എഫ്) വിജയിച്ചു. കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകൾ മതിയെന്നിരിക്കെ 26 സീറ്റു നേടിയ എംഎൻഎഫ് സർക്കാർ രൂപീകരിക്കും. അഞ്ചു സീറ്റുകളില്‍ വിജയിച്ച കോൺഗ്രസാണ് ഇവിടെ മുഖ്യ പ്രതിപക്ഷം. തെലങ്കാനയിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനത്തോടെ ടി.ആർ.എസ് അധികാരം നിലനിർത്തി. മഹാ കൂടമി സഖ്യത്തിന് ഇവിടെ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.