കേന്ദ്രമന്ത്രി ജയിലിൽ ബജ്റംഗ് ദൾ പ്രവർത്തകരെ കണ്ടത് അംഗീകരിക്കാനാവില്ല : നിതീഷ് കുമാർ

നവാഡ : സംസ്ഥാനത്ത് വർഗ്ഗീയ സംഘർഷം ഉണ്ടാക്കാനുള്ള ഒരുതരത്തിലുള്ള ശ്രമങ്ങളും സർക്കാർ അനുവദിക്കില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കേന്ദ്രമന്ത്രി ഗിരാജ് സിംഗ് കഴിഞ്ഞ ദ്വസം ജയിലിൽ ബജ്റംഗ് ദൾ പ്രവർത്തകരെ കണ്ടതിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഗിരാജ് സിംഗ് ബജ്റംഗ് ദൾ പ്രവർത്തകരെ കണ്ടത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവരിൽ ഒരാൾ കഴിഞ്ഞ വർഷം നവാഡയിലെ വർഗ്ഗീയ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായത്. മറ്റുള്ളവരെ ബന്ദിന് ആഹ്വാനം ചെയ്തതിനുമാണ് അറസ്റ്റ് ചെയ്തത്.
കേന്ദ്രമന്ത്രി ജയന്ത് സിൻഹ ജാർഖണ്ധിലെ ആൾക്കൂട്ട കൊലപാതക കേസിലെ പ്രതികൾക്ക് സ്വീകരണം നൽകിയതിന് പിന്നാലെയാണ് ഗിരാജ് സിംഗ് ജയിലിൽ ബജ്റംഗ് ദൾ പ്രവർത്തകരെ കണ്ടത്. ബജ്റംഗ് ദൾ പ്രവർത്തകരുടെ അറസ്റ്റ് ഹിന്ദുക്കളെ അടിച്ചമർത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് കഴിഞ്ഞ ദിവസം ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു. അറസ്റ്റിലായ ബജ്റംഗ് ദൾ പ്രവർത്തകന്റെ വീട് സന്ദർശിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.