രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ കോൺഗ്രസ് നീക്കം സജീവമാക്കി
ന്യൂഡൽഹി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള അണിയറ ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കെ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ കോൺഗ്രസ് നീക്കം സജീവമാക്കി. പ്രതിപക്ഷ കക്ഷികൾക്കിടയിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി സംബന്ധിച്ച് അഭിപ്രായ ഐക്യമായില്ലെങ്കിലും രാഹുൽഗാന്ധി അതിന് യോഗ്യനാണെന്ന പ്രചാരണത്തിന് കോൺഗ്രസ് തുടക്കമിട്ടു.
അതേസമയം, രാഹുലിനെ പരസ്യമായി പിന്തുണയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുന്ന പ്രതിപക്ഷ നിരയിലെ മറ്റു കക്ഷികൾ കാത്തിരുന്നു കാണാം എന്ന നിലപാടിലാണ്. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്ന നിലയിൽ രാഹുൽ പ്രധാനമന്ത്രിപദത്തിലേക്കുള്ള സ്വാഭാവിക സ്ഥാനാർത്ഥിയാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വ്യക്തമാക്കി. പ്രധാനമന്ത്രിയാവാൻ താൻ തയാറാണെന്നു കർണാടക തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഹുൽ വ്യക്തമാക്കിയതിനു ശേഷം ഇതാദ്യമായാണു കോൺഗ്രസ് ഇക്കാര്യത്തിൽ ഒൗദ്യോഗിക അവകാശവാദം ഉന്നയിക്കുന്നത്.
പ്രതിപക്ഷ നിരയിലെ ഏതാനും കക്ഷികൾ രാഹുലിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മറ്റുള്ളവരും പിന്നാലെ രംഗത്ത് വരുമെന്നും സുർജേവാല ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, ആരു പ്രധാനമന്ത്രിയാവണമെന്നു ഉത്തർപ്രദേശ് തീരുമാനിക്കുമെന്നു സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. രാഹുലിന്റെ സ്ഥാനാർത്ഥിത്വം പൂർണമായി തള്ളിക്കളഞ്ഞില്ലെങ്കിലും അതു യാഥാർത്ഥ്യമാക്കാൻ കോൺഗ്രസിനു വിയർപ്പൊഴുക്കേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാനില്ലെന്നും സംസ്ഥാന ഭരണമാണ് തന്റെ ലക്ഷ്യമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിക്കസേരയിൽ എത്തുന്നവർക്ക് ഒരുനാൾ ഒഴിയേണ്ടിവരുമെന്നും അടുത്ത വർഷം മോദിയെ പുറത്താക്കുമെന്നും പറഞ്ഞ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, പ്രധാനമന്ത്രിപദത്തിലേക്കു രാഹുലിനെ ഉയർത്തിക്കാട്ടിയ കോൺഗ്രസ് നീക്കത്തെക്കുറിച്ചു മൗനം പാലിച്ചു. ബിഹാർ ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ആർ.ജെ.ഡി നിർണായക ശക്തിയാകുമെന്നും നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെ ഒരു കാരണവശാലും ഒപ്പം കൂട്ടില്ലെന്നും തേജസ്വി വ്യക്തമാക്കി.



