കാശ്മീരിൽ ദേശീയ സുരക്ഷാ സേനയിലെ കമാൻഡോകളുടെ സേവനം പ്രയോജനപ്പെടുത്താൻ ഒരുങ്ങുന്നു
ന്യൂഡൽഹി : റമദാനോട് അനുബന്ധിച്ച വെടിനിറുത്തൽ പിൻവലിച്ചതോടെ ജമ്മുകാശ്മീരിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ ദേശീയ സുരക്ഷാ സേന (എൻ.എസ്.ജി)യിലെ കമാൻഡോകളുടെ സേവനവും പ്രയോജനപ്പെടുത്താൻ ഒരുങ്ങുന്നു. ശ്രീനഗർ വിമാനത്താവളം അടക്കമുള്ള തന്ത്രപ്രധാന മേഖലകളിലാകും എൻ.എസ്.ജിയെ നിയോഗിക്കുക.
കഴിഞ്ഞ മാസമാണ് എൻ.എസ്.ജി സംഘത്തെ നിയോഗിക്കാൻ കേന്ദസർക്കാർ തീരുമാനിച്ചത്. കരസേന, സി.ആർ.പി.എഫ്, ജമ്മു കാശ്മീർ പോലീസ് എന്നിവ സംയുക്തമായാണ് നിലവിൽ കാശ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ശ്രീനഗറിലെ ബി.എസ്.എഫ് ക്യാന്പിൽ പരിശീലനം പൂർത്തിയാക്കിയ സംഘത്തെ ഉടൻ തന്നെ കാശ്മീരിലേക്ക് നിയോഗിക്കും. ആദ്യ ഘട്ടത്തിൽ നൂറു പേരടങ്ങിയ സംഘമാണ് എത്തുക. പിന്നീട് കാശ്മീരിന് വേണ്ടി മാത്രമായി കമാൻഡോ യൂണിറ്റ് ശ്രീനഗറിൽ ആരംഭിക്കാനാണ് ലക്ഷ്യം. ലക്ഷ്യം തെറ്റാതെ വെടിവയ്ക്കുന്നതിൽ വിദഗ്ദരായ രണ്ട് ഡസൻ കമാൻഡോകളായിരിക്കും തന്ത്രപ്രധാന മേഖലകളിൽ സുരക്ഷ കൈകാര്യം ചെയ്യുക.
1984ലാണ് എൻ.എസ്.ജി രൂപീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സേനയിലെ കമാൻഡോകൾ അത്യാധുനിക ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. ഭീകര വിരുദ്ധ പ്രവർത്തനത്തിനു പുറമെ വി.ഐ.പികളുടെ സുരക്ഷയും കാക്കുന്ന എൻ.എസ്.ജി.യെ ബ്ലാക്ക് ക്യാറ്റ്സ് (കരിന്പൂച്ചകൾ) എന്നും അറിയപ്പെടുന്നുണ്ട്.



