പാസ്പോർട്ട് വിവാദത്തിൽ ഉദ്യോഗസ്ഥനെ ന്യായീകരിച്ച് ആർ.എസ്.എസ് നേതാവ്
ന്യൂഡൽഹി : പാസ്പോർട്ട് അനുവദിക്കണമെങ്കിൽ മതംമാറണമെന്ന് ദന്പതികളോടാവശ്യപ്പെട്ടെന്ന ആരോപണത്തിന്റെ പേരിൽ നടപടി നേരിടേണ്ടി വന്ന ഉദ്യോഗസ്ഥനെ ന്യായീകരിച്ച് ആർ.എസ്.എസ് നേതാവ് രംഗത്ത്. ഡൽഹി ആർ.എസ്.എസ് പ്രചാർ പ്രമുഖായ രാജീവ് തുലി ആണ് ഉദ്യോഗസ്ഥന് നീതി നൽകണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. കുറ്റാരോപിതനായ ഉദ്യേഗസ്ഥന് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നൽകണമെന്നും തുലി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യത്യസ്ത മതസ്ഥരായ ദന്പതിമാരോട് പാസ്പോർട്ട് ലഭ്യമാക്കണമെങ്കിൽ മതം മാറണമെന്ന് ആവശ്യപ്പെട്ടെന്ന പേരിൽ ഉദ്യോഗസ്ഥനായ വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥനെ ഉന്നതാധികാരികൾ സ്ഥലം മാറ്റിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും നടപടി ക്രമങ്ങളനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ താൻ ചെയ്തിട്ടുള്ളു എന്നും മിശ്ര പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മിശ്രയെ പിന്തുണച്ച് ആർ.എസ്.എസ് നേതാവ് രംഗത്തെത്തിയത്.



