പെട്രോൾ നികുതി കുറയ്ക്കുന്നത് തിരിച്ചടിയാകും : മൂഡീസ്

ന്യൂഡൽഹി : പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതിയിൽ ഇളവ് അനുവദിക്കുന്നത് തിരിച്ചടിയാകുമെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിസയായ മൂഡീസ് അഭിപ്രായപ്പെട്ടു. നികുതി കുറയ്ക്കുന്നത് കേന്ദ്ര സർക്കാരിന്റെ സാന്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും. എക്സൈസ് നികുതി ലിറ്ററിന് ഒരു രൂപ കുറച്ചാൽ തന്നെ കേന്ദ്ര സർക്കാരിന് 13,000 കോടി രൂപയുടെ നഷ്ടമുണ്ടാകും. ഇത്, ധനക്കമ്മി കുത്തനെ കൂടാനിടയാക്കുമെന്നും മൂഡീസ് അഭിപ്രായപ്പെട്ടു.
പെട്രോൾ, ഡീസൽ വിലകൾ പുതിയ ഉയരത്തിലെത്തിയ സാഹചര്യത്തിൽ എക്സൈസ് നികുതിയിൽ ഇളവ് നൽകി വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടി എടുക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമാണ്. എക്സൈസ് നികുതിയിൽ നേരിയ ഇളവുണ്ടായാൽപ്പോലും അത് കേന്ദ്ര സർക്കാരിന് തിരിച്ചടിയാകും. ധനക്കമ്മി കൂടുന്നത് സർക്കാരിനെ സാന്പത്തിക നിയന്ത്രണത്തിന് നിർബന്ധിതരാക്കും. ഇത്, ബിസിനസ് സൗഹാർദ്ദ രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയുടെ റാങ്കിംഗ് വീഴ്ചയ്ക്കും കളമൊരുക്കുമെന്ന് മൂഡീസ് വ്യക്തമാക്കി.
കഴിഞ്ഞവർഷം മൂഡീസ് ഇന്ത്യയുടെ സോവറിൻ റേറ്റിംഗ് സ്ഥിരതയാർന്ന സന്പദ്്വ്യവസ്ഥയ്ക്ക് നൽകുന്ന ബി.എ.എ 2 റാങ്ക് നൽകി ഉയർത്തിയിരുന്നു. 13 വർഷങ്ങൾക്ക് ശേഷമാണ് മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തിയത്. ഇന്ത്യയുടെ സാന്പത്തിക സൂചികകൾ മെച്ചപ്പെട്ടുവെന്നും കേന്ദ്ര സർക്കാരിന്റെ പരിഷ്കരണ പദ്ധതികളാണ് ഇതിന് വഴിയൊരുക്കിയതെന്നും മൂഡീസ് സൂചിപ്പിച്ചിരുന്നു. ധനക്കമ്മി മാത്രമാണ് ഇന്ത്യയുടെ വെല്ലുവിളിയെന്നും മൂഡീസ് വ്യക്തമാക്കിയിരുന്നു.