ജപ്പാനിൽ ഭൂചലനം : മൂന്ന് മരണം; ഇരുനൂറോളം പേർക്ക് പരുക്ക്

ടോക്കിയോ : പടിഞ്ഞാറൻ ജപ്പാനിലെ ഒസാക്കയിലുണ്ടായ ഭൂചലനത്തിൽ ഒൻപത് വയസുകാരിയടക്കം മൂന്ന് പേർ മരിച്ചു. 40 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.1 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂനിരപ്പിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. പ്രദേശത്തെ ആണവ നിലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഭൂചലനത്തെ തുടർന്ന് ഒസാക്കയിൽ നിന്ന് ടോക്കിയോയിലേക്കുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കി. കുറച്ച് സമയത്തേക്ക് വിമാനത്താവളങ്ങൾ അടച്ചിട്ടു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും റോഡുകൾ തകരുകയും ചെയ്തിട്ടുണ്ട്. ജലവിതരണ പൈപ്പുകളും താറുമാറായി. പൈപ്പുകൾ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകയുകയാണ്. നിരവധി പേർ ഇലവേറ്ററിലും മറ്റും കുടുങ്ങി.
170,000 വീടുകളിലെ വൈദ്യൂതി, ഗ്യാസ് വിതരണം നിലച്ചു. പലയിടങ്ങളിലും വൈദ്യുത ബന്ധം നഷ്ടമാവുകയും ചെയ്തു. രാജ്യത്ത് രണ്ട് ലക്ഷത്തോളം പേർ ഇരുട്ടിലാണെന്നാണ് റിപ്പോർട്ടുകൾ. ക്യോട്ടോ, നാര, ഹ്യുഗോ, ഷിഗ എന്നിവിടങ്ങളിലും ഭൂകന്പം അനുഭവപ്പെട്ടു. സ്കൂളിന്റെ മതിൽ ഇടിഞ്ഞ് വീണാണ് ഒന്പത് വയസുള്ള പെൺകുട്ടി മരിച്ചത്. മതിൽ ഇടിഞ്ഞുവീണ് ഒരു വൃദ്ധനും വീട്ടിലെ ബുക്ക്ഷെൽഫ് മറിഞ്ഞുവീണ് മറ്റൊരാളും മരിച്ചു.
ഭൂകന്പ സാധ്യത മേഖലയിൽ സ്ഥിതി ചെയ്യുന്ന ജപ്പാനിൽ അനുഭവപ്പെടുന്ന ഭൂചലനങ്ങളിൽ 20 ശതമാനത്തിൽ ഏറെയും 6.0 തീവ്രതയുള്ളതോ അതിലും ശക്തിയേറിയവയോ ആണ്.