കേജരിവാളിന്റെ രാജ് നിവാസ് സമരം : സത്യേന്ദ്ര ജെയിനെ ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡൽഹി : ഡൽഹിയിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരത്തിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും നടത്തുന്ന രാജ്നിവാസ് ധർണ ഏഴ് ദിവസം പിന്നിടുന്പോൾ, ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് മന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരത്തിൽ സത്യേന്ദ്ര ജെയിന്റെ ഷുഗർ നില താഴ്ന്നതിനെ തുടർന്നാണ് ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണൻ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
കേജരിവാളിന്റെ സമരം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണമെന്ന് നീതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗത്തിനെത്തിയ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമത ബാനർജി, ചന്ദ്രബാബു നായിഡു, എച്ച്.ഡി കുമാരസ്വാമി എന്നിവർ പ്രധാനമന്ത്രിയോടു നേരിട്ട് ആവശ്യപ്പെട്ടിരുന്നു. വൈദ്യുതി-കുടിവെള്ള ക്ഷാമം, അന്തരീക്ഷ മലിനീകരണം തുടങ്ങി ഗുരുതര പ്രശ്നങ്ങളിൽ ഡൽഹി ജനത വീർപ്പുമുട്ടുന്നതിനിടെയാണ് അധികാരത്തർക്കത്തിന്റെ പിടിവാശികളിൽ സംസ്ഥാനത്ത് ഭരണ പ്രതിസന്ധി തുടരുന്നത്.