ഗൗരി ലങ്കേഷ് വധം : കുറ്റസമ്മതം നടത്തി പ്രതി
ബംഗളൂരു : മുതിർന്ന മാധ്യമപ്രവർത്തക ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയത് തന്റെ മതത്തെ രക്ഷിക്കാനാണെന്ന് പ്രതി പരശുറാം വാഗ്്മോറിന്റെ കുറ്റസമ്മതം. പോലീസ് ചോദ്യം ചെയ്യലിനിടെയാണ് കുറ്റസമ്മതം. ആരെയാണ് ഞാൻ കൊലപ്പെടുത്തിയതെന്ന് അറിയില്ലായിരുന്നു. 2017 മെയ് മാസത്തിലാണ് തന്നെ ചിലർ കൊലയ്ക്കായി നിയോഗിച്ചത്. ഹിന്ദുമതത്തെ രക്ഷിക്കാൻ ഒരു കൊലപാതകം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഞാനത് സമ്മതിക്കുകയും ചെയ്തു. കൊലപാതകം നടത്തിയ ശേഷമാണ് അത് ഗൗരിലങ്കേഷ് എന്ന സ്ത്രീയാണെന്ന് മനസ്സിലായത്. അവരെ കൊല്ലരുതായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. പരശുറാം പറഞ്ഞു. തന്നെ സപ്റ്റംബർ മൂന്നിന് ബംഗളൂരുവിൽ എത്തിക്കുകയും കൊലയ്ക്കുള്ള പരിശീലനം നൽകി എന്നും പരശുറാം വ്യക്തമാക്കുന്നുണ്ട്.
ബംഗളൂരുവിലെത്തി മുറിയെടുത്ത ശേഷം ബൈക്കിലെത്തിയ മറ്റൊരാൾ കൊല നടത്തേണ്ട വീട് കാണിച്ച് തന്നു. പിറ്റെ ദിവസം മറ്റൊരു മുറിയിലെത്തുകയും സപ്റ്റംബർ അഞ്ചിന് ആർ.ആർ നഗറിലെ ഗൗരി ലങ്കേഷിന്റെ വീടിന് മുന്നിലെത്തിക്കുകയായിരുന്നുവെന്നും ഇയാൾ മൊഴിനൽകിയിട്ടുണ്ട്. ഗൗരിലങ്കേഷ് വീടിന് മുന്നിലെത്തി കാറിൽ നിന്നും ഇറങ്ങി തന്റെ നേരെ നടന്ന് വരികയായിരുന്നുവെന്നും അപ്പോൾ അവർക്ക് നേരെ നാല് വട്ടം വെടിയുതിർത്തുവെന്നും കൊലപാതകം നടത്തി അന്ന് രാത്രി തന്നെ നഗരം വിട്ടുവെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്.പരശുറാം അടക്കം മൂന്ന് പേരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. മറ്റുള്ളവരെക്കുറിച്ച് തനിക്കറിയില്ലെന്നും പരശുറാം മൊഴിനൽകി.

