ലഫ്. ഗവർണറുടെ വസതിയിൽ കേജരിവാളിന്റെ സമരം തുടരുന്നു

ന്യൂഡൽഹി : ജോലിയിൽനിന്ന് വിട്ടുനിൽക്കുന്ന ഐ.എ.എസ് ഓഫീസർമാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുക, അവർക്കെതിരെ നടപടി സ്വീകരിക്കുക, റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു നൽകാനുള്ള പദ്ധതിക്ക് അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹി ലഫ്. ഗവർണറുടെ വസതിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നടത്തിവന്ന സമരം തുടരുന്നു. ലഫ്. ഗവർണർ അനിൽ ബൈജലിന്റെ വസതയിലെ കാത്തിരിപ്പ് മുറിയിൽ തിങ്കളാഴ്ച വൈകുന്നേരം ആറ് മണിക്ക് സമരം ആരംഭിച്ചതിന് ശേഷം ഇവർ ഇവിടെനിന്ന് പുറത്തിറങ്ങുകയോ വസ്ത്രം മാറുകയോ ചെയ്തിട്ടില്ല. ആവശ്യങ്ങൾ ഗവർണർ അംഗീകരിച്ച് ഒപ്പുവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കേജരിവാൾ. കെജരിവാളിനൊപ്പം സമരം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിൻ, ഗോപാൽ റായ് എന്നിവർ നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്.
കേജരിവാളിന്റെ സമരം ഇന്നലെ രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ തന്നെ ലഫ്. ഗവർണർ ഓഫീസിൽ നിന്ന് മാറിയിരുന്നു. തിങ്കളാഴ്ച രാത്രി ഗവർണറെ കണ്ട് ആവശ്യമുന്നയിച്ചതിന് ശേഷമാണ് ഗവർണറുടെ വസതിയിലെ സന്ദർശക മുറിയിൽ പ്രതിഷേധം ആരംഭിച്ചത്. തിങ്കളാഴ്ച എ.എ.പി എം.എൽ.എമാരും ഗവർണറുടെ വസതിക്ക് മുന്നിൽ കുത്തിയിരുന്നെങ്കിലും പാതിരാത്രിയോടെ മടങ്ങിയിരുന്നു. പ്രശ്നപരിഹാര ചർച്ചക്കിടയിൽ കേജരിവാളും എ.എ.പി എം.എൽ.എമാരും ഭീഷണിപ്പെടുത്തിയെന്ന് ലഫ്.ഗവർണറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഐ.എ.എസ് ഓഫീസർമാർ ജോലിയിൽനിന്ന് വിട്ടുനിന്നതായുള്ള കേജരിവാളിന്റെ ആരോപണം ഓഫീസ് നിഷേധിച്ചു. ഐ.എ.എസ് ഓഫീസർമാർ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നില്ലെന്നും ഒരു ജോലിയെയും ബാധിച്ചിട്ടില്ലെന്നുമാണ് ഐ.എ.എസ് ഓഫീസർമാർ പറയുന്നത്.