വാഹനങ്ങളിൽ പരിശോധന ശക്തമാക്കി : 67 വാഹനങ്ങൾക്കെതിരെ നടപടി

കൊച്ചി : സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 67 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയ 15 വാഹനങ്ങക്ക് പിഴയിട്ടു. ഇൻഷുറൻസ് ഇല്ലാത്ത സ്വകാര്യ വാഹനത്തെയും പിടികൂടി. ഇതിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കുമെന്ന് എറണാകുളം ആർ.ടി.ഒ റെജി പി വർഗീസ് പറഞ്ഞു.
കുട്ടികളെ കുത്തിനിറച്ച വാഹനങ്ങൾക്ക് 3000 മുതൽ 5000 രൂപ വരെ പിഴിയിടും. ബസ്സിൽ ആയമാരോ ഡോർ അറ്റൻഡർമാരോ ഇല്ലാത്ത നാല് വാഹനങ്ങൾക്കും ഡോർ തുറന്നുവച്ച് സർവ്വീസ് നടത്തിയ രണ്ട് വാഹനങ്ങൾക്കുമെതിരെ നടപടിയെടുത്തു. സുരക്ഷാ പരിശോധനയുടെ ഭാഗമായി പതിക്കേണ്ട സ്റ്റിക്കർ ഇല്ലാത്ത 27 വാഹനങ്ങളും കുടുങ്ങി. പഴയ ടയർ മാറ്റാതെ ഓടിയ ഏഴ് വാഹനങ്ങൾ കണ്ടെത്തി. അങ്കമാലി, ആലുവ, പറവൂർ, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, എറണാകുളം ജോയിന്റ് ആർ.ടി ഓഫീസുകൾക്ക് കീഴിലെ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. സിറ്റി പോലീസ് നഗരത്തിൽ നടത്തിയ വാഹന പരിശോധനയിൽ മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച 13 ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തു. പരിശോധന തുടരും.
സ്കൂൾ വാഹനങ്ങളുടെ പരമാവധി വേഗം 50ൽ നിന്നു 40 കിലോമീറ്ററാക്കിചുരുക്കാൻ പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ നിർദ്ദേശം നൽകി. കൊച്ചിയിൽ വാഹനാപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചതു വാനിന്റെ അമിത വേഗമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന ഓട്ടോകൾക്ക് പരമാവധി 30 കിലോ മീറ്റർ വേഗം മതിയെന്നും നിർദ്ദേശമുണ്ട്.
പോലീസും മോട്ടോർ വാഹന വകുപ്പും പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ഇന്നലെ മുതൽ മിന്നൽ പരിശോധന തുടങ്ങി. അമിതവേഗം, ഗതാഗത നിയമലംഘനം, അനുവദനീയമായതിലും കൂടുതൽ കുട്ടികളെ കയറ്റുന്ന വാഹനങ്ങൾ എന്നിവ കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. ഓട്ടോകളിൽ ലഗേജ് സൂക്ഷിക്കുന്ന ഭാഗത്തോ ഡ്രൈവറുടെ സീറ്റിലോ ഇരുത്തി വിദ്യാർത്ഥികളെ കൊണ്ടുപോകാൻ പാടില്ല. കുട്ടികളുടെ ബാഗ് സൂക്ഷിക്കാൻ വാഹനത്തിൽ സൗകര്യമുണ്ടായിരിക്കണം.
സ്കൂളുകൾക്കു സമീപം അനുവദിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ വേഗത്തിൽ പായുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും തീരുമാനമുണ്ട്. വേഗപ്പൂട്ട് വേർപ്പെടുത്തി ഓടുന്ന സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരും സ്കൂൾ അധികൃതരും നടപടി നേരിടേണ്ടിവരും. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന കഴിഞ്ഞാൽ വേഗപ്പൂട്ട് വേർപ്പെടുത്തി യാത്ര ചെയ്യുന്ന വാഹനങ്ങളെ സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. കഴിഞ്ഞദിവസം പരിശോധനയിൽ തകരാറുകൾ കണ്ടെത്തിയ സ്കൂൾ വാഹനങ്ങൾ തകരാർ പരിഹരിച്ചാണ് ഇന്നലെ നിരത്തിലിറക്കിയത്.
പുതുതായി നിയമിച്ച ഡ്രൈവർമാരുടെ പ്രവൃത്തി പരിചയം ഉൾപ്പെടെയുള്ള വിവരങ്ങൾ മോട്ടോർ വാഹന വകുപ്പ് അധികൃതർ പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നു ആർടിഒ ടി.സി. വിനേഷ് അറിയിച്ചു.