താജ്മഹലിന്റെ അവകാശ തർക്കം : ഷാജഹാൻ ഒപ്പിട്ട് നൽകിയ രേഖകൾ ഹാജരാക്കാൻ സുപ്രീംകോടതി
ന്യൂഡൽഹി : ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായുള്ള താജ്മഹലിന്റെ അവകാശ തർക്കത്തിനിടെ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡിനോട് ഷാജഹാൻ ഒപ്പിട്ട് നൽകിയ രേഖകൾ ഹാജരാക്കാൻ സുപ്രീംകോടതിയുടെ ആവശ്യം. മുഗൾ ചക്രവർത്തി ഷാജഹാൻ താജ്മഹലിന്റെ അവകാശവാദം തങ്ങൾക്കു നൽകിയിട്ടുണ്ടെന്ന വഖഫ് ബോർഡിന്റെ വാദത്തിലാണ് സുപ്രീംകോടതി ഇത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
ഷാജഹാൻ ചക്രവർത്തിയുടെ ഒപ്പ് സഹിതമുള്ള രേഖകൾ ഒരാഴ്ചക്കകം ഹാജരാക്കാനാണ് ബോർഡിനോട് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. താജ്മഹൽ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്യാനുള്ള ബോർഡിന്റെ തീരുമാനത്തിനെതിരെ 2010−ലാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. താജ് വഖഫ് ബോർഡിന്റേതാണെന്ന് പറഞ്ഞാൽ ഇന്ത്യയിൽ ആരാണ് വിശ്വസിക്കുക, ഇത്തരം പ്രശ്നങ്ങളുയർത്തി കോടതിയുടെ സമയം കളയരുതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വഖഫ് ബോർഡിനായി മുതിർന്ന അഭിഭാഷകൻ വി.വി ഗിരിയാണ് ഹാജരായത്. ഷാജഹാൻ ജീവിച്ചിരിക്കുന്പോൾ തന്നെ താജ്മഹൽ വഖഫ് ബോർഡിന്റെ കീഴിലാണെന്ന് വി.വി ഗിരി വാദിച്ചു. ഈ സമയത്താണ് കോടതി ഷാജഹാന്റെ ഒപ്പോടു കൂടിയ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഷാജഹാന്റെ കാലത്ത് വഖഫ് ബോർഡ് രൂപീകരിച്ചിട്ടില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരായ എ.ഡി.എൻ റാവു പറഞ്ഞു.

