റഷ്യയു­മാ­യി­ 30000 കോ­ടി­യു­ടെ­ ആയു­ധക്കരാ­റിൽ ഏർപ്പെ­ടാൻ ഇന്ത്യ


ന്യൂഡൽഹി : അമേരിക്കൻ ഉപരോധത്തെ മറികടന്ന് 30000 കോടിയുടെ ആയുധക്കരാറിൽ റഷ്യയുമായി ഏർപ്പെടാൻ ഇന്ത്യ. അഞ്ച് എസ്−400 വ്യോമപ്രതിരോധ മിസൈൽ സംവിധാനമാണ് റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്നത്.

റഷ്യയുമായി പ്രതിരോധ −രഹസ്യാന്വേഷണ ഇടപാടുകളിൽ ഏർപ്പെടുന്നതിൽ നിന്ന് മറ്റു രാജ്യങ്ങളെ വിലക്കുക എന്ന ലക്ഷ്യത്തോടെ സി.എ.എ.ടി.എസ്.എ (കൗണ്ടറിങ് അമേരിക്കൻ അഡ്വേഴ്സറീസ് ത്രൂ സാങ്ഷൻസ് ആക്ട്) അമേരിക്ക നടപ്പാക്കിയിരുന്നു. ജനുവരി ഒന്നിനാണ് സി.എ.എ.ടി.എസ്.എ നിയമം നിലവിൽ വന്നത്.

ഇതിനെ മറികടന്നു കൊണ്ടാണ് ഇന്ത്യ റഷ്യയുമായി മിസൈൽ ഇടപാടിനുള്ള ചർച്ചകൾ നടത്തുന്നത്. സി.എ.എ.ടി.എസ്.എയുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ റഷ്യയിൽ നിന്ന് മിസൈൽ സിസ്റ്റം വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നുവെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് മെയിൽ ടുഡേ റിപ്പോർട്ട് ചെയ്തു.

സി.എ.എ.ടി.എസ്.എ നിലവിൽ വന്നതോടെ തുർക്കി, ഖത്തർ, സൗദി അറേബ്യ തുടങ്ങി യു.എസുമായി അടുപ്പമുള്ള രാജ്യങ്ങൾ എസ് 400 എയർ ഡിഫൻസ് മിസൈൽ സിസ്റ്റം വാങ്ങുന്നതിൽ നിന്ന് പിന്നോട്ടു പോയതാണ് റിപ്പോർട്ടുകൾ. ഇതോടെ 350 കിലോമീറ്റർ പരിധിയുള്ള എസ് 400 എയർ ഡിഫൻസ് സിസ്റ്റം വാങ്ങാൻ ചൈനയും ഇന്ത്യയും മാത്രമാണ് തയ്യാറായേക്കുന്നതെന്നാണ് സൂചന.

250 മൈൽ ദൂരപരിധിയിലുള്ള ആകാശമാർഗേനയുള്ള ഭീഷണികളെ കണ്ടെത്താനും തകർക്കാനും പ്രാപ്തിയുള്ളതാണ് എസ് 400 എയർ ഡിഫൻസ് മിസൈൽ സിസ്റ്റം. ട്രാക്കിങ് ആൻഡ് സെർച്ച് റഡാർ സിസ്റ്റംസ്, എട്ട് ലോഞ്ചറുകൾ, 1 12 ഗൈഡഡ് മിസൈലുകൾ, കമാൻഡ് ആൻഡ് സപ്പോർട്ട് വെഹിക്കിൾ എന്നിവ   ഉൾപ്പെട്ടതാണ് ഓരോ എസ് 400 എയർ ഡിഫൻസ് മിസൈൽ സിസ്റ്റം. ഇത്തരത്തിൽ അഞ്ച് എയർ ഡിഫൻസ് സിസ്റ്റം വാങ്ങാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed