സി.ബി.എസ്.സിയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : സി.ബി.എസ്.സിയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പുനഃപരീക്ഷ നടത്തുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളെല്ലാം തള്ളി കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. അഞ്ചു ഹർജികളാണ് കോടതി തള്ളിയത്.
പുനഃപരീക്ഷ നടത്തുകയെന്നത് സി.ബി.എസ്.ഇയുടെ അധികാരപരിധിയിൽപ്പെട്ട കാര്യമാണ്. ബോർഡിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ല. ഹർജി സമർപ്പിച്ച വിദ്യാർത്ഥികൾ പരീക്ഷയ്ക്കു ഹാജരാകണം, കോടതി ആവശ്യപ്പെട്ടു. ഏപ്രിൽ 25നാണ് ഇക്കണോമിക്സ് പുനഃപരീക്ഷ.
പത്താം ക്ലാസിലെ കണക്ക്, പന്ത്രണ്ടിലെ ഇക്കണോമിക്സ് ചോദ്യപേപ്പറുകൾ ചോർന്നതു ചോദ്യം ചെയ്ത്ഒട്ടേറെ ഹർജികളാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്. അതേസമയം കണക്കു പരീക്ഷാപേപ്പർ ചോർന്നത് ഗുരുതരമല്ലെന്ന നിഗമനത്തെത്തുടർന്ന് പുനഃപരീക്ഷവേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ദേശീയ തലത്തിൽ അന്വേഷണം നടത്തേണ്ടതിനാൽ ചോർച്ചയെപ്പറ്റി സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഹർജികളുണ്ട്.

