രണ്ട് കാലുകളും നഷ്ടപ്പെട്ട ബംഗ്ലാദേശ് സ്വദേശിക്ക് ‘പ്രതീക്ഷയുടെ’ വീൽ ചെയർ
മനാമ : ജോലി സ്ഥലത്തുണ്ടായ അപകടത്തെത്തുടർന്ന് രണ്ട് കാലുകളും മുറിച്ചു മാറ്റേണ്ടിവന്ന ബംഗ്ലാദേശ് സ്വദേശി ഹബീബുൽ ഹസറിന് ബഹ്‌റൈനിലെ മലയാളികളുടെ ജീവകാരുണ്യ കൂട്ടായ്മയായ പ്രതീക്ഷ ബഹ്‌റൈൻ വീൽ ചെയറും ഗൾഫ് കിറ്റും നൽകി. രണ്ടാഴ്ച്ച മുൻപാണ് ആൽബയ്ക്കടുത്തുള്ള സ്ക്രാപ്പ് യാർഡിൽ െവച്ച് സ്റ്റീൽ പൈപ്പ് മുറിക്കുന്നതിനിടെ ഭാരമേറിയ പൈപ്പ് പൊട്ടി ഹസറിന്റെ കാലിൽ പതിച്ചത്. സൽമാനിയ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ പ്രവേശിച്ച ഇദ്ദേഹത്തിന്റെ കാലുകൾ രണ്ടും മുറിച്ചുമാറ്റുകയെ പ്രതിവിധിയുള്ളൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് ഇരു കാലുകളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു.
വലിയൊരു കുടുംബത്തിന്റെ അത്താണിയായ ഹബീബുൽ 11 വർഷങ്ങൾക്ക് മുൻപാണ് ബഹ്റൈനിൽ എത്തിയത്. ഫ്രീ വിസയിൽ എത്തിയ ഇദ്ദേഹം പിന്നീട് വിസ പുതുക്കുകയോ മറ്റ് നിയമപരമായ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. വന്നതിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങിയിട്ടില്ലെന്നും പറയുന്നു. പല ജോലികളും ചെയ്യുന്നതിനിടയിലാണ് സ്ക്രാപ്പിൽ ജോലി ലഭിച്ചത്. അപ്രതീക്ഷതമായി ഉണ്ടായ അപകടത്തിന്റെ ആഘാതത്തിലാണ് ഹബീബുൽ ഇപ്പോൾ. ഇനി നാട്ടിലേയ്ക്ക് പോവുകയേ നിവൃത്തിയുള്ളൂ. ബംഗ്ളാദേശ് എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലേയ്ക്ക് പോകാനുള്ള നിയമനടപടികൾക്ക് വേണ്ടി അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഇദ്ദേഹം.
സൽമാനിയ ആശുപത്രിയിലെ നിത്യ സന്ദർശകനായ ചന്ദ്രൻ തിക്കോടി ഹബീബുളിന്റെ ദയനീയാവസ്ഥ കാണുകയും അദ്ദേഹം ഉൾപ്പെടുന്ന ഹോപ്പ് ബഹ്‌റൈൻ (പ്രതീക്ഷ ബഹ്‌റൈൻ) ഭാരവാഹികളുമായി ചർച്ച ചെയ്ത് ഒരു വീൽ ചെയർ നൽകാനുള്ള സംവിധാനം ഏർപ്പാടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ചന്ദ്രൻ തിക്കോടി, സിബിൻ സലീം, അഷ്കർ പൂഴിത്തല, ജയേഷ്, ലിജോ, വിനു ക്രിസ്റ്റി തുടങ്ങിയവർ ഹസറിനെ സന്ദർശിച്ച് വീൽ ചെയറും സമ്മാനങ്ങൾ അടങ്ങിയ ഗൾഫ് കിറ്റും കൈമാറി.
അപകടത്തെ തുടർന്നും, രോഗാവസ്ഥയിലും, ജയിൽവാസത്തിന് ശേഷവും വൈറും കൈയ്യോടെ നാട്ടിലേയ്ക്ക് മടങ്ങുന്ന ഹതഭാഗ്യരായ പ്രവാസികൾക്ക് ഒരു സ്വാന്ത്വനമാണ് പ്രതീക്ഷ ബഹ്റൈൻ നൽകുന്ന ഗൾഫ് കിറ്റ്. ജീവകാരുണ്യത്തിന് രാജ്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും മതിൽക്കെട്ടുകൾ ഒന്നുമില്ലെന്ന പ്രതീക്ഷയുടെ സന്ദേശം പ്രതീക്ഷ ബഹ്‌റൈൻ പ്രവർത്തികളിലൂടെ തെളിയിക്കുകയാണ് ഇതിലൂടെ. ഇതൊടൊപ്പം ഹബീബുൽ ഹസറിന് സാന്പത്തിക സഹായം കൈമാറുമെന്നും, ഇനിയും പ്രവാസ സമൂഹത്തിനിടയിൽ ജനോപകാര പ്രദമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും പ്രതീക്ഷ ഭാരവാഹികൾ അറിയിച്ചു.

