മൈസൂരുവിലെത്തിയ പ്രധാനമന്ത്രിക്ക് താമസിക്കാൻ മുറി കിട്ടിയില്ല
മൈസൂരു : ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുക്കാൻ മൈസൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താമസിക്കാൻ പ്രശസ്തമായ ലളിത് മഹൽ പാലസിൽ മുറി കിട്ടിയില്ല.
ഹോട്ടലിലെ എല്ലാ മുറികളും ഒരു വിവാഹ സത്കാര ചടങ്ങിന്റെ ഭാഗമായി മുൻകൂട്ടി ബുക്ക് ചെയ്തതിനെ തുടർന്നാണ് ഇത്. തുടർന്ന് ജില്ലാ ഭരണകൂടം നഗരത്തിലെ മറ്റൊരു പ്രധാനപ്പെട്ട ഹോട്ടലായ റാഡിസൺ ബ്ലൂവിലേക്ക് താമസ സൗകര്യം ഒരുക്കുകയായിരുന്നുവെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലളിത് മഹൽ പാലസിൽ താമസിക്കാൻ വളരെക്കുറച്ച് മുറികൾ മാത്രമാണ് ഒഴിവുണ്ടായിരുന്നത്. സുരക്ഷ പരിഗണിച്ചാണ് പ്രധാനമന്ത്രിക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും വേണ്ടി പരിമിതമായ മുറികൾ തയ്യാറാക്കാതിരുന്നത്. എന്നാൽ പകരം താമസം ഒരുക്കിയ റാഡിസൺ ബ്ലൂ ഹോട്ടലിലും മുറികളും കുറവായിരുന്നു. റാഡിസണിൽ നടക്കാനിരുന്ന ഒരു കുടുംബത്തിന്റെ വിവാഹ സൽകാര ചടങ്ങ് ജില്ലാ ഭരണകൂടം ഇടപെട്ട് പുനക്രമീകരിച്ചാണ് പ്രധാനമന്ത്രിക്ക് താമസ സൗകര്യം ഒരുക്കിയത്.
ശ്രവണബലഗോളയിലെ ചടങ്ങിലും സൗത്ത് വെസ്റ്റേൺ റെയിൽവെയുടെ ചടങ്ങിലും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലികളിലും പങ്കെടുക്കാൻ വേണ്ടിയാണ് ഞായറാഴ്ച രാത്രിയോടെ പ്രധാനമന്ത്രി മൈസൂരുവിലെത്തിയത്.

