സൊറാബുദ്ദീൻ കേസ് : മാധ്യമവിലക്ക് നീക്കി
മുംബൈ : ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ പ്രതിയായ സൊറാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. മുംബൈ ഹൈക്കോടതിയാണ് വിലക്ക് നീക്കികൊണ്ടുള്ള ഉത്തരവിറക്കിയത്. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനാണ് നേരത്തെ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. നീതി നടപ്പാക്കിയാൽ മാത്രം പോര, ഇത് നടപ്പാക്കിയെന്ന് മറ്റുള്ളവരെ ധരിപ്പിക്കുക കൂടിയാണ് തുറന്ന കോടതിയുടെ ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ് രേവതി മോഹിത് ദേരെയുടേതാണ് നടപടി.
കേസിൽ മാധ്യമങ്ങളെ റിപ്പോർട്ടുകൾ നൽകുന്നതിൽനിന്ന് വിലക്കിയതിനെതിരെ മുംബൈയിൽനിന്നുള്ള ഒന്പത് മാധ്യമപ്രവർത്തകരാണ് കോടതിയെ സമീപിച്ചത്. മാധ്യമങ്ങളെ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നിരത്തിയ വാദങ്ങൾ കോടതി തള്ളി. നവംബറിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സി.ബി.ഐ കോടതി നടപടി അധികാരങ്ങളുടെ ദുരുപയോഗമാണെന്നും ഇത്തരം കൂച്ചുവിലങ്ങുകൾക്ക് പ്രസക്തിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കുന്ന ഒരു വകുപ്പ് ഈ കേസിൽ കാണാൻ കഴിയുന്നില്ലെന്ന് കോടതി വ്യക്തമാക്കി. വിരമിച്ചവരും സർവ്വീസിലുള്ളവരുമായ നിരവധി പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസാണ് സൊറാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസ്.

