റോഹിങ്ക്യൻ അഭയാർത്ഥികളെ ഒഴിപ്പിക്കരുത് : ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ന്യൂഡൽഹി : ഇന്ത്യയിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർത്ഥികളെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മാനുഷിക വശം പരിഗണിച്ചും വീണ്ടും വേട്ടയാടപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയുമാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടൽ. സുരക്ഷാവിഷയം ചൂണ്ടിക്കാട്ടി അഭയാർത്ഥികൾക്കെതിരെ സർക്കാർ നാളെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നത്.
മാനുഷിക പരിഗണനയുടെ പേരിൽ വിഷയത്തിൽ ഇടപെടുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണും മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായ എച്ച്.എൽ ദത്തു വ്യക്തമാക്കിയ അദ്ദേഹം അഭയാർത്ഥികളെ തിരിച്ചയക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയുടെ 21−ാം അനുച്ഛേദം ഉൾപ്പെടെ സുപ്രീംകോടതിയുടെ വിവിധ വിധികളും ചൂണ്ടിക്കാട്ടി ഒരാൾ ഇന്ത്യൻ പൗരൻ അല്ലെങ്കിൽകൂടി മനുഷ്യാവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍റെഇടപെടൽ.
റോഹിങ്ക്യൻ അഭയാർത്ഥികളെ ആട്ടിയോടിക്കുന്പോൾ ഇന്ത്യ നൂറ്റാണ്ടുകളായി അഭയാർത്ഥികളുടെ വീടാണെന്നതു മറക്കരുതെന്നും വിവിധ രാജ്യങ്ങളിൽ നിന്നു രക്ഷതേടി പലായനം ചെയ്തു വന്ന നിരവധി വിഭാഗം അഭയാർത്ഥികൾക്ക് ഇന്ത്യ അഭയം നൽകിയിട്ടുണ്ട്.
നിരവധി അന്താരാഷ്‌ട്ര ഉടന്പടികളിൽ ഇന്ത്യ ഒപ്പ് വച്ചിട്ടുമുണ്ട്. ഒരു വശത്തു മനുഷ്യത്വവും മാനുഷിക പരിഗണനയും കാത്തു സൂക്ഷിക്കുകയും അതോടൊപ്പം തന്നെ മറുവശത്തു രാജ്യസുരക്ഷയും ചേർത്ത് പിടിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.