ഉഴുന്നാലിലിന്റെ മോചനത്തിന് നന്ദി അറിയിച്ച് സുഷമ സ്വരാജിന് സിബിസിഐയുടെ കത്ത്

ന്യൂഡൽഹി : ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് നന്ദി അറിയിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) കത്ത്. തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ചും വ്യക്തിപരമായും ഉഴുന്നാലിലിന്റെ മോചനത്തിനായി സുഷമ സ്വരാജ് ആത്മാർഥമായി ഇടപെട്ടതിൽ ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്ന് കത്തിൽ പറയുന്നു.
കത്തിന്റെ പകർപ്പ് മന്ത്രി തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചു. ഇന്ത്യയിലെ എല്ലാ കത്തോലിക്കാ പള്ളികളുടെയും രണ്ട് കോടിയോളം വരുന്ന വിശ്വാസികളുടെയും നന്ദി മന്ത്രിയെ അറിയിച്ചാണ് കത്ത്.
യെമനിൽ ഭീകരരുടെ കൈയിൽനിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിലുമായി താൻ സംസാരിച്ചെന്നും മോചനദൗത്യത്തിന് സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും അദ്ദേഹം നന്ദി അറിയിച്ചതായും സുഷമ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. ഫാ. ടോമിനെ മോചിപ്പിക്കാൻ ആരാണ് മുൻകൈ എടുത്തതെന്ന കാര്യത്തിൽ വിവാദമുണ്ടായിരുന്നു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ നയപരമായ ഇടപെടലാണ് മോചനത്തിന് വഴിതെളിച്ചതെന്നാണ് കേന്ദ്രമന്ത്രിമാരായ അൽഫോൻസ് കണ്ണന്താനവും വി.കെ.സിങ്ങും വിശദീകരിച്ചത്.