ഇന്ധന വിലവർധന പാവപ്പെട്ടവർക്കുള്ള ക്ഷേമനിധിക്ക് പണം കണ്ടെത്തുന്നതിനെന്ന് അൽഫോൻസ് കണ്ണന്താനം

തിരുവനന്തപുരം : ഇന്ധന വിലവർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരല്ലെന്നും പെട്രോൾ ഉപയോഗിക്കുന്നത് അതിനുള്ള കഴിവുണ്ടായിട്ടാണെന്നും വിലവർധന മനഃപൂർവമുള്ള നടപടിയാണെന്നും കണ്ണന്താനം പറഞ്ഞു. പാവപ്പെട്ടവർക്കുള്ള ക്ഷേമനിധിക്ക് പണം കണ്ടെത്തുന്നത് പെട്രോൾ ഉൽപ്പന്നങ്ങളുടെ നികുതിയിൽനിന്നാണെന്നും കണ്ണന്താനം വ്യക്തമാക്കി. ബിജെപി സംസ്ഥാന കാര്യാലയം സന്ദർശിച്ച ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏറ്റവും താഴെത്തട്ടിലുള്ളവർക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴിൽ ഇവ ഉറപ്പു വരുത്താനാണു സർക്കാർ ശ്രമിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് കോടി രൂപ ആവശ്യമാണ്. പെട്രോളിയം വില വർധന ഉൾപ്പടെയുള്ളവയിൽനിന്നു കിട്ടുന്ന പണം ഇതിനായാണു സർക്കാർ ഉപയോഗിക്കുന്നത്. സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാൽ പെട്രോളിയം, മദ്യം ഇവ ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരുന്നതു പരിഗണിക്കും. രാജ്യത്തു വിലക്കയറ്റം നാല് ശതമാനം മാത്രമാണ്. ഇത് റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ളതിനേക്കാൾ അര ശതമാനം കുറവാണെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടി.