മെട്രോ യാത്രാ നിരക്ക് അധികമെന്ന് സർവ്വേ
കൊച്ചി : കൊച്ചി മെട്രോയിലെ യാത്രാനിരക്ക് അധികമാണെന്ന് സർവ്വേ റിപ്പോർട്ട്. മെട്രോയിലെ സ്ഥിരം യാത്രക്കാരുടെ എണ്ണം കുറവാണെന്ന് കണ്ടെത്തിയതായി സർവ്വേ നടത്തിയ ഡീവാലർ മാനേജ്മെന്റ് കൺസൾട്ടന്റ്സ് എം.ഡി സുധീർ ബാബു മാധ്യമ പ്രവർത്തകരോട്‍ വ്യക്തമാക്കി.
സ്ഥിരമായി ജോലിക്കും പഠനത്തിനുമായി മെട്രോയിൽ യാത്രചെയ്യുന്നവരുടെ എണ്ണം കുറവാണെന്നാണ് കണ്ടെത്തൽ. ഈ വിഭാഗത്തിൽ 25 ശതമാനം പേരാണ് മെട്രോ യാത്ര ചെയ്യുന്നത്.
ഉയർന്ന യാത്രാനിരക്കാണ് സ്ഥിരം യാത്രക്കാരുടെ എണ്ണം കുറയാൻ കാരണം. യാത്രാനിരക്ക് കൂടുതലാണെന്ന അഭിപ്രായം സർവേയിൽ പങ്കെടുത്ത 43 ശതമാനം പേർ പറഞ്ഞു. 53 ശതമാനം പേർ യാത്രാനുഭവത്തിനോ ഷോപ്പിങ്ങിനോ ആണ് മെട്രോ ഉപയോഗിച്ചത്. ദിവസ വേതനക്കാർ മൂന്ന് ശതമാനം മാത്രമാണ് മെട്രോ ഉപയോഗിക്കുന്നത്. കൂടുതൽ യാത്രക്കാർ മെട്രോയിൽ കയറണമെങ്കിൽ നിരക്ക് കുറയ്ക്കണമെന്ന നിർദ്‍ദേശം ഉയർന്നിട്ടുണ്ട്. കൊച്ചി മെട്രോയുടെ സേവനം നിലവാരമുള്ളതാണെന്നും മെട്രോയാത്ര സ്ത്രീകൾക്ക് തികച്ചും സുരക്ഷിതമാണെന്നും 82 ശതമാനും പേരും അഭിപ്രായപ്പെട്ടു.
സർവ്‍വേ ഫലം കെ.എം.ആർ.എലിനും ഡി.എം.ആർ.സി മുഖ്യ ഉപദേശകൻ ഇ ശ്രീധരനും കൈമാറും. 11 േസ്റ്റഷനുകളിലായി വിവിധ ദിവസങ്ങളിൽ വിവിധ സമയങ്ങളിലാണ് സർവേ നടത്തിയത്. സർവ്വേഫലം എറണാകുളം പ്രസ്ക്ലബ്ബിൽ ഹൈബി ഈഡൻ എം.എൽ.എ.ക്ക് നൽകി പ്രകാശനം ചെയ്തു.

