നികുതി 60 ശതമാനത്തോളം : തമിഴ്നാട്ടിലെ സിനിമാ തിയറ്ററുകൾ ഇന്നു മുതൽ അടച്ചിടും


ചെന്നൈ : ജിഎസ്‌ടിക്കു പിന്നാലെ തദ്ദേശഭരണ സ്ഥാപനങ്ങളും നികുതി ഏർപ്പെടുത്തിയതിനെത്തുടർന്ന് തമിഴ്നാട്ടിലെ സിനിമാ തിയറ്ററുകൾ തിങ്കളാഴ്ച മുതൽ അടച്ചിടും. ആയിരത്തിലധികം തിയറ്ററുകളാണ് തമിഴ്നാട്ടിൽ അടഞ്ഞുകിടക്കുന്നത്. ജിഎസ്‌ടിയുടേതായി 28% നികുതിയും അതിനു പുറമേ തദ്ദേശഭരണ സ്ഥാപനങ്ങളുടേതായി 30% നികുതിയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫലത്തിൽ 60 ശതമാനത്തോളം നികുതിയാണ് തിയറ്റർ ഉടമകളുടെ മേൽ വരുന്നത്.

സമരം സർക്കാരിനെതിരെയല്ല, ഇത്രയും കനത്ത തുക നികുതിയടയ്ക്കാൻ കഴിയാത്തതിനാലാണെന്നും തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അഭിരാമി രാമനാഥൻ പറഞ്ഞു. ജിഎസ്‌ടി അനുസരിച്ച് 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്ക് 28 ശതമാനവും 100 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾക്ക് 18 ശതമാനവുമാണ് നികുതി അടയ്ക്കേണ്ടത്. ഇതിനു പുറമേ 30 ശതമാനം നികുതി തദ്ദേശഭരണ സ്ഥാപനത്തിനു വേറെയും നൽകണം. ഇതു പൂർണമായും പിൻവലിക്കാൻ സർക്കാർ തയാറാകണം. 10 ലക്ഷത്തോളം പേരാണ് സിനിമാ വ്യവസായത്തെ ആശ്രയിക്കുന്നത്. ഇവർക്കെല്ലാം തീരുമാനം ബുദ്ധിമുട്ടാകുമെന്നും അഭിരാമി രാമനാഥൻ പറഞ്ഞു.

ഒരു രാജ്യം ഒറ്റ നികുതി എന്നു കേന്ദ്രസർക്കാർ പറയുമ്പോൾ സംസ്ഥാന സർക്കാർ ഇരട്ട നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ടിക്കറ്റിൽനിന്ന് 60 ശതമാനത്തോളം നികുതിയായി അടയ്ക്കേണ്ടിവരികയാണ്. അയൽ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശിലും കേരളത്തിലും കർണാടകത്തിലും ജിഎസ്‌ടി മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമാ ടിക്കറ്റുകൾക്ക് മറ്റൊരു നികുതി കൂടി ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്കു കഴിയുമെന്ന ജിഎസ്‌ടിയുടെ കരട് ബില്ലിലെ വ്യവസ്ഥ പ്രകാരമാണ് തമിഴ്നാട് സർക്കാരിന്റെ നീക്കമെന്നാണ് സൂചന. ജിഎസ്‌ടി നടപ്പാക്കുന്നതായി പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വരുന്നതിന് മണിക്കൂറുകൾക്കുമുൻപു മാത്രമാണ് തമിഴ്നാട് സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

You might also like

Most Viewed