നഴ്സിങ് സംഘടനകളുമായി മന്ത്രി ടി.പി.രാമകൃഷ്ണൻ നാളെ ചർച്ച നടത്തും


തിരുവനന്തപുരം : സമരം ചെയ്യുന്ന നഴ്സിങ് സംഘടനകളുമായി തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ ചൊവ്വാഴ്ച ചർച്ച നടത്തും. രാവിലെ പതിനൊന്നിന് ഇന്ത്യൻ നഴ്സസ് അസോസിയേഷനുമായും വൈകിട്ട് നാലിന് യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായുമാണ് ചർച്ച. നഴ്സുമാര്‍ നടത്തുന്ന സമരം മാറ്റിവയ്ക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. പനിക്കാലത്ത് നടത്തുന്ന സമരം രോഗികളെ ബുദ്ധിമുട്ടിലാക്കും. നഴ്സുമാരുടെ പ്രശ്നങ്ങള്‍ ജൂലൈ 10ന് തൊഴിൽ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നഴ്സുമാരുടെ എല്ലാ ആവശ്യങ്ങളോടും മാനേജ്മെന്റുകൾ പെട്ടെന്നു വഴങ്ങുമെന്നു ഉറപ്പിലെന്നും അതിനാൽ നിയമനിർമാണം നടത്തി നടപടികളെടുക്കാനാണു സർക്കാർ നോക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വേതന വർധനവ് ആവശ്യപ്പെട്ട് നഴ്സുമാർ നടത്തുന്ന സമരം ന്യായമാണെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. നഴ്സുമാരുടെ ആവശ്യം അംഗീകരിക്കാൻ ആശുപത്രി മാനേജ്മെന്റുകൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ചു സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ സമരം നടത്തുന്നത്. നേരത്തെ, നഴ്സുമാർ ഉൾപ്പെടെ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയിൽ തീരുമാനമാകാത്തതിനാൽ വിഷയം സർക്കാരിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു.

You might also like

Most Viewed