അഞ്ചംഗ കവര്‍ച്ചാസംഘം അമ്മയെയും മകളെയും കൂട്ടമാനഭംഗത്തിനിരയാക്കി

ബുലന്ദേശ്വർ: ഉത്തർപ്രദേശിലെ ബുലന്ദേശ്വറിൽ കൊള്ളക്കാർ കാർ യാത്രക്കാരായ അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഡൽഹി–കാൺപുർ ദേശീയ പാത 91 ൽ വെള്ളിയാഴ്ച രാത്രിയാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. 35 കാരിയായ യുവതിയും ഇവരുടെ 14 വയസുള്ള മകളുമാണ് പീഡനത്തിന് ഇരയായത്. ഇരയായ സ്ത്രീയും മകളും കുടുംബസമേതം ബന്ധുവിന്റെ മരണാനന്തരകർമങ്ങളിൽ പങ്കെടുക്കുന്നതിന് നോയിഡയിൽനിന്ന് ഷാജഹാൻപുരിലേക്കുപോകുകയായിരുന്നു. നോയിഡയിലെ സെക്ടർ 68 ലെ വീട്ടിൽനിന്നും നാലംഗ സംഘം വെള്ളിയാഴ്ച അർധരാത്രിയാണ് യാത്ര തിരിച്ചത്. ബുലന്ദേശ്വറിലെ ദോസ്ത്പുർ ഗ്രാമത്തിലെത്തിയപ്പോഴാണ് കൊള്ളക്കാർ കാറിനെ ആക്രമിച്ചത്. റോഡരുകിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കൊള്ളക്കാർ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാറിനു നേർക്കെറിഞ്ഞു. ഇതോടെ ഡ്രൈവർ കാർ നിർത്തുകയും പുറത്തിറങ്ങി പരിശോധിക്കുകയും ചെയ്തു. ഉടൻ കുറ്റിക്കാട്ടിൽനിന്നും പുറത്തെത്തിയ കൊള്ളക്കാർ കാർ യാത്രക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഡ്രൈവർ കൊള്ളക്കാരെ നേരിട്ടെങ്കിലും ഇയാളെ ഇവർ തള്ളിമാറ്റിയ ശേഷം കാറുമായി കടന്നു. വിജനമായ സ്‌ഥലത്ത് കാർ എത്തിച്ചശേഷം കൊള്ളക്കാർ കാർ യാത്രക്കാരുടെ 11,000 രൂപയും സ്വർണവും മൊബൈൽ ഫോണുകളും കവർന്നു. പിന്നീട് അമ്മയെയും മകളെയും മറ്റൊരു സ്‌ഥലത്തേക്കുകൊണ്ടുപോയി കൂട്ട മാനഭംഗപ്പെടുത്തി. അക്രമത്തിനു ശേഷം കൊള്ളക്കാർ ഇരുട്ടിൽ മറഞ്ഞു. ചെളിയിൽ പൂണ്ടുപോയ വാഹനം മുന്നോട്ടു നീക്കാനാവാതെ രാത്രിമുഴുവൻ കാർ യാത്രക്കാർക്ക് ഇവിടെ കഴിയേണ്ടിവന്നു. ശനിയാഴ്ച രാവിലെ കുടുംബം ഇവിടെനിന്ന് രക്ഷപെട്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന സ്‌ഥലം രാജ്യതലസ്‌ഥാനമായ ഡൽഹിയിൽനിന്നും 65 കിലോമീറ്റർ അടുത്താണ്.