ടൈംസ് നൗ ചാനലിനെതിരെ സാക്കിർ നായിക്കിന്റെ മാനനഷ്ടക്കേസ്

മുംബൈ: ടൈംസ് നൗ വാർത്താചാനലിനും ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്കുമെതിരെ 500 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് മാനനഷ്ടക്കേസിന് പ്രഭാഷകനായ സാക്കിർനായിക് നോട്ടീസ് നൽകി.ടൈംസ് നൗ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അവിനാശ് കൗൾ, ടൈംസ് ഗ്‌ളോബൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുനിൽ ലല്ല എന്നിവർക്കും നോട്ടീസയച്ചിട്ടുണ്ട്. സാക്കിർനായിക്കിന്റെ അഭിഭാഷകൻ മുബിൻ സോൽക്കറാണ് വക്കീൽനോട്ടീസയച്ചത്. അർണബ് ഗോസ്വാമി വിദ്വേഷപ്രചാരണം നടത്തുന്നുവെന്നും തനിക്കെതിരെ മാധ്യമവിചാരണ നടത്തുവെന്നുമാണ് ആരോപണം.
മതവിഭാഗങ്ങൾതമ്മിൽ ശത്രുതവളർത്തിയെന്നും തന്റെയും മുസ്ലിം ജനതയുടെയും മതവികാരം വ്രണപ്പെടുത്തിയെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നുണ്ട്. സാക്കിർനായിക്കിനെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയ എല്ലാ മാധ്യമസ്ഥാപനങ്ങൾക്കുമെതിരെ മാനനഷ്ടക്കേസ് ഫയൽചെയ്യുമെന്നും മുബിൻ സോൽക്കർ പറഞ്ഞു. ധാക്ക ഭീകരാക്രമണത്തിന്റെ പ്രചോദനം സാക്കിർ നായിക്കാണെന്നരീതിയിൽ ബംഗ്ലാദേശ് പത്രമായ ഡെയ്‌ലി സ്റ്റാറിൽ വാർത്ത വന്നതിനെത്തുടർന്ന് മഹാരാഷ്ട്രസർക്കാർ സാക്കിർനായിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചതിന്റെപേരിൽ പത്രം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.
താലിബാൻ, ബിൻലാദൻ, അൽഖ്വെയ്ദ, ഐ.എസ്. തുടങ്ങിയവരെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണയ്ക്കുന്നതരത്തിൽ സാക്കിർനായിക്കിന്റെ പ്രസംഗത്തിൽ തെളിവൊന്നുമില്ലെന്ന് മുംബൈ പോലീസിന്റെ ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സാക്കിർനായിക് ഇപ്പോഴും സൗദി അറേബ്യയിലെ മദീനയിലാണുള്ളത്.