പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിന് സംവരണം വേണ്ടെന്ന് സുപ്രീംകോടതി


ന്യൂ ഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിന് സംവരണം വേണ്ടെന്ന് സുപ്രീംകോടതി വിധി. പട്ടികവിഭാഗങ്ങള്‍ക്ക് ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കി കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. സംവരണ കാര്യത്തില്‍ സര്‍ക്കാറിനും ബാങ്കുകള്‍ക്കും തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വിധിന്യായത്തില്‍ പറഞ്ഞു.പൊതുമേഖലാ ബാങ്കുകളിലെ ഉന്നത സ്ഥാനങ്ങളില്‍ പട്ടികജാതി/പട്ടികവര്‍ഗത്തില്‍പ്പെട്ടവരുടെ പ്രാതിനിധ്യം വളരെ കുറവാണെന്നതു യാഥാര്‍ഥ്യമാണ്. അതിനെ പ്രതിരോധിക്കാന്‍ നടപടിയുണ്ടോ, സംവരണത്തില്‍ കൂടി ഇവരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം സര്‍ക്കാറുകളും ബാങ്കുകളുമാണു തീരുമാനിക്കേണ്ടത്. അഥവാ സംവരണം ഏര്‍പ്പെടുത്തിയാല്‍ അത് ഏതു തലംവരെ വേണമെന്നുള്ളതും അവര്‍ക്കുതന്നെ തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.പട്ടിക വിഭാഗങ്ങള്‍ക്കു സംവരണം നല്‍കണമെന്നും അതിനാവശ്യമായ വ്യവസ്ഥകള്‍ രൂപീകരിക്കണമെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഗ്രെഡ് ഒന്നുമുതല്‍ ഗ്രേഡ് ആറ് വരെയുള്ള പദവികളില്‍ പട്ടികവിഭാഗങ്ങള്‍ക്ക് സംവരണം അംഗീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed