വടകര സഹൃദയ വേദി വനിതാവേദി മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: വടകര സഹൃദയ വേദി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ, ക്യാൻസർ കെയർ ഗ്രൂപ്പും അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ നൂറിലധികം സ്ത്രീകൾ പങ്കെടുത്തു.
വനിതാവേദി പ്രസിഡന്റ് സന്ധ്യ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെക്രട്ടറി ശ്രീജി രെഞ്ജിത്ത് സ്വാഗതം പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി നടന്ന സ്തനാർബുദ ബോധവൽക്കരണ ക്ലാസിന് ഡോ. ജാസ്മിൻ ശങ്കരനാരായണൻ നേതൃത്വം നൽകി. തുടർന്ന് സൗജന്യ രക്തപരിശോധനയും ഡോക്ടറുമായുള്ള സംവാദവും നടന്നു.
വടകര സഹൃദയ വേദി മുഖ്യരക്ഷാധികാരി ആർ. പവിത്രൻ, പ്രസിഡന്റ് എൻ. പി. അഷ്റഫ്, ജനറൽ സെക്രട്ടറി എം. സി. പവിത്രൻ, ക്യാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കോർഡിനേറ്റർമാരായ കെ. ടി. സലിം, അബ്ദുൾ സഹീർ, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഷിജിൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ഡോ. ജാസ്മിൻ ശങ്കരനാരായണനുള്ള സ്നേഹോപഹാരം വനിതാവേദി ഭാരവാഹികളായ സന്ധ്യ വിനോദ്, ശ്രീജി രെഞ്ജിത്ത്, ട്രഷറർ അനിത ബാബു എന്നിവർ ചേർന്ന് കൈമാറി.
വനിതാവേദി അംഗങ്ങളുടെ ഏകോപനത്തിൽ നടന്ന ക്യാമ്പിൽ നിഷ വിനീഷ് നന്ദി രേഖപ്പെടുത്തി. രക്തദാന ക്യാമ്പുകൾ ഉൾപ്പെടെ വടകര സഹൃദയ വേദി തുടർച്ചയായി നടത്തിവരുന്ന ജീവകാരുണ്യ-സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
aa


