ജി.എൻ.എ എനർജി വൈദ്യുതി കരാർ: അഴിമതി ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയാത്ത മുഖ്യമന്ത്രിയുടെ നിലപാട് കുറ്റസമ്മതമെന്ന് പിണറായി
ശാരിക
തിരുവനന്തപുരം: സുതാര്യമായ നടപടിക്രമങ്ങൾ പാലിക്കാതെ ജി.എൻ.എ. എനർജിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. വൈദ്യുതി ബോർഡിന്റെയും വകുപ്പ് മന്ത്രിയുടെയും ശരിയായ നിലപാടുകൾ കാറ്റിൽപ്പറത്തി മുഖ്യമന്ത്രി സ്വന്തം നിലയിൽ തീരുമാനമെടുത്തത് അതീവ ഗുരുതരമാണ്. ഇതിന് പിന്നിൽ അസ്വാഭാവികമായ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെടുകയാണെന്നും തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.
വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങളും നടപടികളും സ്വീകരിക്കേണ്ട പ്രധാന ചുമതല വൈദ്യുതി ബോർഡിനാണ്. ബോർഡിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചാൽ സർക്കാരിന് അതിൽ ഇടപെടാമെങ്കിലും, ബോർഡും വകുപ്പ് മന്ത്രിയും എടുത്ത ശരിയായ നിലപാടിനെ തള്ളിക്കളയുകയാണ് മുഖ്യമന്ത്രി ഇവിടെ ചെയ്തത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തവും വകുപ്പ് മന്ത്രിയുടെ അധികാരങ്ങളും അവഗണിച്ച് ഏകപക്ഷീയമായാണ് മുഖ്യമന്ത്രി കരാറുമായി മുന്നോട്ടുപോയത്.
ജി.എൻ.എ എനർജി എന്നത് ഒരു വൈദ്യുതി ഉത്പാദന കമ്പനിയല്ല, മറിച്ച് ഡിജിറ്റൽ ഒ.ടി.സി പ്ലാറ്റ്ഫോം മാത്രമാണ്. സാധാരണഗതിയിൽ സുതാര്യമായ ടെൻഡറുകളിലൂടെ മാത്രം നടക്കേണ്ട വൈദ്യുതി വാങ്ങലിൽ, ഒരു നടപടിക്രമവും പാലിക്കാതെ പ്രത്യേക കമ്പനിക്കായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് എന്തിനാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഏത് ഉത്പാദകരിൽ നിന്നുള്ള വൈദ്യുതിയാണ് ജി.എൻ.എ ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഉയർന്നുവന്ന അഴിമതി ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയാത്ത മുഖ്യമന്ത്രിയുടെ നിലപാട് കുറ്റസമ്മതത്തിന് തുല്യമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
sfsf

