പത്തനംതിട്ടയിൽ രണ്ടിടങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
ശാരിക
പത്തനംതിട്ട: ജില്ലയിലെ അടൂർ പഴകുളത്തും കൊടുമൺ അങ്ങാടിക്കലിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി ഉയർന്നു. ഈ മാസം 26-ന് വൈകുന്നേരമാണ് അടൂർ പഴകുളത്ത് ഒമ്പത് വയസുള്ള രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. കനാൽ റോഡിൽ കാടുമൂടിയ വിജനമായ ഭാഗത്തുവെച്ചാണ് കാറിലെത്തിയ രണ്ടു പേർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കുട്ടികളെ കാറിൽ കയറാൻ നിർബന്ധിക്കുകയായിരുന്നുവെങ്കിലും ഈ സമയം മറ്റൊരു വീട്ടമ്മ കണ്ടതിനെ തുടർന്ന് കുട്ടികൾ രക്ഷപ്പെടുകയായിരുന്നു.
വെള്ള നിറത്തിലുള്ള കാറിലെത്തിയ ഒരു സ്ത്രീയും മുടി നീട്ടി വളർത്തിയ പുരുഷനുമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് കുട്ടികളുടെ മൊഴി. ഇതിന് പിന്നാലെയാണ് കൊടുമൺ അങ്ങാടിക്കലിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി ഉയർന്നത്. ഒറ്റത്തേക്ക് കൊച്ചുകൽ ജംഗ്ഷനിൽ നിന്നും അഞ്ചാം ക്ലാസുകാരനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സ്കൂളിൽ കൊണ്ടുവിടാം എന്ന് പറഞ്ഞാണ് കാറിലെത്തിയ സ്ത്രീയും പുരുഷനും കുട്ടിയെ സമീപിച്ചത്.
എന്നാൽ കുട്ടി വാഹനത്തിൽ കയറാൻ കൂട്ടാക്കിയില്ല. ഇതോടെ ശ്രമം ഉപേക്ഷിച്ച് ഇവർ കാറോടിച്ചു പോവുകയായിരുന്നു. ഒരേ സംഘം തന്നെയാണ് രണ്ടിടത്തും എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
sdsd

