കുടുംബസമേതം ലഹരിവ്യാപാരികൾ: തുണിക്കച്ചവടത്തിന്റെ മറവിൽ ലക്ഷങ്ങളുടെ എംഡിഎംഎ കടത്തിയ അമ്മയും മകനും കുടുങ്ങി!


ഷീബ വിജയൻ

തിരുവനന്തപുരം: തുണിക്കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്ത് നടത്തിയ അമ്മയും മകനും അടക്കം നാലുപേർ പിടിയിലായി. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശികളായ കിരൺ, അമ്മ ബീന, കിരണിന്റെ സുഹൃത്തുക്കളായ സന്ധ്യ, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 125 ഗ്രാം എംഡിഎംഎയും കടത്താൻ ഉപയോഗിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു.

നെയ്യാറ്റിൻകരയിലെ ആറാലുംമൂട്ടിൽ പുലർച്ചെ നടത്തിയ വാഹനപരിശോധനയിലാണ് ഇവർ കുടുങ്ങിയത്. മഹീന്ദ്രാ സൈലോ വാഹനത്തിൽ ബെംഗളൂരുവിൽ നിന്നുമായിരുന്നു ഇവർ സിന്തറ്റിക് ഡ്രഗ്ഗുകൾ കടത്തിയിരുന്നത്. തുണിക്കച്ചവടമാണ് എന്ന് തോന്നിക്കുന്ന നിലയിൽ കുറച്ചു വസ്ത്രങ്ങൾ വാങ്ങി വാഹനത്തിൽ സൂക്ഷിച്ച ശേഷമാണ് ലഹരി കടത്തിയിരുന്നത്. സ്റ്റീരിയോ സിസ്റ്റത്തിനുള്ളിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ആണ് സംഘത്തെ പിടികൂടിയത്. ഈഞ്ചക്കൽ കേന്ദ്രീകരിച്ച് ‘ഹോം ഗാർമെന്റ്‌സ്’ എന്ന പേരിൽ തുണിക്കച്ചവടം നടത്തുന്നതിന്റെ മറവിലാണ് ഇവർ ലഹരി വിൽപന നടത്തിയിരുന്നത്. പൊലീസിന് സംശയം തോന്നാതിരിക്കാനായി എട്ടു വയസ്സുള്ള മകളെയും, വനിതാ സുഹൃത്ത് തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി സന്ധ്യയെയും കിരൺ കൂടെ കൂട്ടിയിരുന്നു.

ബന്ധുക്കളെ വിളിച്ചു വരുത്തി എക്സൈസ് ഉദ്യോഗസ്ഥർ കുട്ടിയെ ഏൽപ്പിച്ചു. കിരണിന്റെ ഭാര്യ വേർപിരിഞ്ഞ് താമസിക്കുകയാണ്. കിരണിന്റെ അമ്മ ബീനയുടെ ഫോൺ വഴിയാണ് ലഹരിക്കച്ചവടം നടത്തിയിരുന്നതെന്ന് എക്സൈസ് സൂചിപ്പിച്ചു. ഇവർ സഞ്ചരിച്ച മഹീന്ദ്ര സൈലോ കാർ എക്സൈസ് പിടിച്ചെടുത്തു. പ്രതികൾക്കു ബെംഗളൂരുവിലെ ലഹരിമാഫിയയുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി എക്‌സൈസ് അധികൃതർ അറിയിച്ചു.

article-image

gfgffgdfgdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed