കുഞ്ഞുമകളുടെ ദൃശ്യങ്ങളും വെബ്‌സൈറ്റിൽ! കൊല്ലത്തെ ഭാര്യയുടെ ദൃശ്യങ്ങൾ വിറ്റ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ഷീബ വിജയൻ
കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭർത്താവ് വിറ്റെന്ന പരാതിയിൽ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നു. നാലു വയസ്സുകാരിയായ മകളുടെ ദൃശ്യങ്ങളും ഇയാൾ പകർത്തിയെന്നാണ് പരാതിക്കാരി നൽകിയിരിക്കുന്ന പുതിയ മൊഴി. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാൻ ഭർത്താവ് നിർബന്ധിച്ചിരുന്നതായും പരാതിക്കാരി പറയുന്നു.
കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭർത്താവിന് ബന്ധമുണ്ടെന്നാണ് വിവരം. ഇതിനിടെ, പരാതിക്കാരി ഭർത്താവിനെതിരെ വിവാഹമോചന ഹർജി നൽകിയിട്ടുണ്ട്. നാട്ടിലും വിദേശത്തുമായി കിടപ്പറ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രീകരണം തടഞ്ഞപ്പോൾ ക്രൂരമായി മർദിച്ചെന്നും യുവതി ആരോപിക്കുന്നു. ഭർത്താവിന് ഇത്തരം പല സംഘങ്ങളുമായി ബന്ധമുണ്ടെന്നും മറ്റു സ്ത്രീകളോടും പുരുഷന്മാരോടും അടുപ്പമുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
കിടപ്പുമുറിയിൽനിന്നുള്ള സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭർത്താവ് അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ കൂടുതൽ വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. പ്രതി സ്വന്തം കുടുംബാംഗങ്ങളുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞിരുന്നു. പോലീസിന് നൽകിയ പരാതിയിലാണ് കൂടുതൽ വിവരങ്ങളുള്ളത്. പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇയാൾ മകളുടെ മുന്നിൽവച്ച് ലൈംഗിക വൈകൃതം കാണിച്ചിരുന്നത്രേ.
ഇതോടെ വീട്ടുകാരോട് കാര്യം പറഞ്ഞതിൽ പ്രകോപിതനായി ഇയാൾ യുവതിയെ ആക്രമിക്കുകയായിരുന്നു. ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിക്കുകയും താക്കോൽക്കൂട്ടം കൊണ്ട് ദേഹമാസകലം ഇടിക്കുകയുമായിരുന്നു. യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വിദേശത്ത് കഴിയവേയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് ഫോണിൽ പകർത്തിയത്. തനിക്ക് കാണാനാണ് ഇതെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് ഇയാൾ ഇത് അശ്ലീല വെബ്‌സൈറ്റുകൾക്കും മറ്റും വിൽക്കുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ചിലർ യുവതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. കൗൺസലിംഗ് നൽകി ഭർത്താവിനെ നന്നാക്കുക എന്ന ലക്ഷ്യത്തോടെ യുവതി ഇയാളെയുമായി നാട്ടിലെത്തുകയായിരുന്നു. എന്നാൽ, കൗൺസലിംഗിന് പോകണമെന്ന് നിർബന്ധിച്ചപ്പോഴും മർദിച്ചെന്ന് യുവതി പറയുന്നു. ഭർത്താവിന് പങ്കാളിയെ പങ്കുവയ്ക്കൽ സംഘങ്ങളുമായും ബന്ധമുണ്ടെന്ന് യുവതി ആരോപിക്കുന്നു. പോലീസ് പരാതിയിൽ അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
bnghn

