തൊടുപുഴയിൽ ലഹരി വേട്ട : വലയിലായത് ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ
ഷീബ വിജയൻ
തൊടുപുഴ: മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിലായി. തൊടുപുഴ കുമ്മംകല്ല് ഓലിക്കൽ ആഷിക് സഹീർ (23), ഇടവെട്ടി ചീങ്കല്ലേൽ ഹർഷിദ് ജബ്ബാർ (33), വെങ്ങല്ലൂർ കണിപറമ്പിൽ നിഹാൽ ഷെഫീഖ് (22), ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹിയായ വെങ്ങല്ലൂർ കണിപറമ്പിൽ ടി.എസ്. ഷിയാസ് (35) എന്നിവരാണ് പിടിയിലായത്.
തൊടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇടവെട്ടി ജംഗ്ഷനിൽ കനാൽ പാലം ഭാഗത്തുവെച്ചാണ് ഇവർ പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ നിന്നും കാറിൽ നിന്നുമായി 18.18 ഗ്രാം എംഡിഎംഎയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. മേഖലയിൽ ലഹരി വിൽപന നടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പിടിയിലായ ടി.എസ്. ഷിയാസ് ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖലാ സെക്രട്ടറിയും തൊടുപുഴ ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥിയായി ടി.എസ്. ഷിയാസ് മത്സരിച്ചിരുന്നു. ലഹരി മാഫിയയുമായി ബന്ധമുള്ളതിന്റെ പേരിൽ ഇയാളെ നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. തെറ്റ് തിരുത്തിയെന്ന് അവകാശപ്പെട്ടതോടെ പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.
ോ്േോ്േ്േ

