ഗാർഹിക ഭവനങ്ങളിലെ ഉയർന്ന വൈദ്യുതി-വെള്ള ബില്ലുകൾ: അന്വേഷണം ആവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിൽ അംഗം


പ്രദീപ് പുറവങ്കര

മനാമ: സ്വകാര്യ വില്ലകളെ അപേക്ഷിച്ച് ഹൗസിംഗ് (സർക്കാർ) ഭവനങ്ങൾക്ക് ഉയർന്ന നിരക്കിലുള്ള വൈദ്യുതി, ജല ബില്ലുകൾ ലഭിക്കുന്നുവെന്ന പരാതികളിൽ അധികൃതർ അന്വേഷണം നടത്തണമെന്ന് ആവശ്യം. ദക്ഷിണ ഗവർണറേറ്റ് മുനിസിപ്പൽ കൗൺസിൽ പ്രതിനിധി ഹമദ് അൽ സൂബിയാണ് ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി കറന്റ് ബില്ലിലും വെള്ള ബില്ലിലും വൻ വർദ്ധനവ് രേഖപ്പെടുത്തുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിലും വാർത്താ മാധ്യമങ്ങളിലും വ്യാപകമായ പരാതികൾ ഉയരുന്നതായി അൽ സൂബി ചൂണ്ടിക്കാട്ടി.

"സ്വകാര്യ വില്ലകൾക്ക് ലഭിക്കുന്ന ബില്ലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഹൗസിംഗ് വീടുകളിലെ ബിൽ തുകയിലെ വ്യത്യാസം ഞെട്ടിക്കുന്നതാണ്. സർവീസ് പ്രൊവൈഡർമാർ സോഷ്യൽ ഹൗസിംഗ് വീടുകളോടും സ്വകാര്യ വില്ലകളോടും വ്യത്യസ്ത സമീപനമാണോ സ്വീകരിക്കുന്നത് എന്ന പ്രസക്തമായ ചോദ്യം ഇത് ഉയർത്തുന്നുണ്ട്. കെട്ടിടത്തിന്റെ വലുപ്പത്തിലും ഉപയോഗത്തിലും ഇരു വിഭാഗങ്ങളും തമ്മിൽ വലിയ വ്യത്യാസമില്ലാത്തപ്പോഴാണ് ഈ സ്ഥിതി," അൽ സൂബി പറഞ്ഞു.

വീടുകളിൽ ഉപയോഗിക്കുന്ന എയർ കണ്ടീഷണറുകൾ ഊർജ്ജക്ഷമതയുള്ള സ്മാർട്ട് മോഡലുകളായിരുന്നിട്ടും ഇത്രയും വലിയ വ്യത്യാസം ബില്ലിൽ വരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമായ അന്വേഷണത്തിലൂടെ അധികൃതർ വിശദീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം വീട്ടിലെ ഇലക്ട്രിസിറ്റി മീറ്റർ റീഡിംഗിൽ വന്ന പിഴവ് കാരണം തനിക്കും സമാനമായ അനുഭവമുണ്ടായതായി അൽ സൂബി വെളിപ്പെടുത്തി. തെറ്റായ റീഡിംഗ് കാരണം സാധാരണയേക്കാൾ ഉയർന്ന ബില്ലാണ് ലഭിച്ചത്. തുടർന്ന് ഔദ്യോഗികമായി പരാതി നൽകി മീറ്റർ മാറ്റിവെപ്പിച്ച ശേഷമാണ് റീഡിംഗ് സാധാരണ നിലയിലായതെന്നും അദ്ദേഹം പറഞ്ഞു. മീറ്ററുകളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാനും പരിശോധനകൾ നടത്താനും ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

വർദ്ധിച്ചുവരുന്ന കറന്റ് ബില്ലുകൾ സംയുക്ത കുടുംബങ്ങളായി കഴിയുന്ന ബഹ്‌റൈനി കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതായി കൗൺസിലർമാർ നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. ഭവനച്ചെലവും ജീവിതച്ചെലവും ഉയർന്നതോടെ വിവാഹിതരായ മക്കൾ മാതാപിതാക്കൾക്കൊപ്പം ഒരേ വീട്ടിൽ തന്നെ കഴിയാൻ നിർബന്ധിതരാകുന്ന അവസ്ഥയാണുള്ളത്.

ഒറ്റ മീറ്ററിലൂടെ ഒരുമിച്ച് വൈദ്യുതിയും വെള്ളവും ഉപയോഗിക്കുമ്പോൾ സ്ലാബ് മാറി ഉയർന്ന സബ്‌സിഡി നിരക്കിലേക്ക് (മൂന്നാം സ്ലാബ്) എത്തുന്നതാണ് കുടുംബങ്ങൾക്ക് വൻ തുക ബിൽ വരാൻ കാരണം. മൂന്നാം സബ്‌സിഡി സ്ലാബിന്റെ പരിധി 5,000 യൂണിറ്റിൽ നിന്ന് 7,000 യൂണിറ്റായി സർക്കാർ ഉയർത്തിയത് ആശ്വാസകരമാണെങ്കിലും, ഒന്നിലധികം തലമുറകൾ ഒരുമിച്ച് താമസിക്കുന്ന വലിയ കുടുംബങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് ഇത് പൂർണ്ണ പരിഹാരമാകുന്നില്ലെന്ന് പാർലമെന്റ് സർവീസ് കമ്മിറ്റി ആക്ടിംഗ് ചെയർമാൻ അബ്ദുൽവാഹിദ് ഖറാത്തയും അഭിപ്രായപ്പെട്ടിരുന്നു.

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed