രാജ്യത്ത് മൊബൈൽ പ്ലാൻ നിരക്കുകൾ 15 ശതമാനം വരെ ഉയർന്നേക്കും
ശാരിക
മുംബൈ: രാജ്യത്ത് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ പ്രമുഖ ടെലികോം സേവനദാതാക്കൾ മൊബൈൽ ഫോൺ സേവന നിരക്കുകൾ വീണ്ടും കുത്തനെ കൂട്ടാൻ ഒരുങ്ങുന്നു. ധനകാര്യ സേവന സ്ഥാപനമായ സെൻട്രം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അടുത്ത നാല് മാസത്തിനുള്ളിൽ പ്ലാനുകളിൽ പരമാവധി 15 ശതമാനം വരെ വർധനവ് നിലവിൽ വന്നേക്കും.
ഇത് ഉപഭോക്താക്കൾക്ക് പ്രതിമാസ, വാർഷിക പ്ലാനുകൾക്ക് വൻ തുക അധികമായി നൽകേണ്ട അവസ്ഥയുണ്ടാക്കും. ഇതനുസരിച്ച് 28 ദിവസത്തെ കാലാവധിയുള്ള 349 രൂപയുടെ പ്ലാനിന് ഇനി 389 രൂപയും, 899 രൂപയുടെ പ്ലാനിന് 1,007 രൂപയും, 3,599 രൂപയുടെ വാർഷിക പ്ലാനിന് 4,031 രൂപയായും തുക ഉയരും. കഴിഞ്ഞ മാസവും ഇതുസംബന്ധിച്ച സൂചനകൾ നൽകുന്ന റിപ്പോർട്ടുകൾ വന്നിരുന്നു.
അതേസമയം ട്രായ് പുറത്തുവിട്ട ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം പുതിയ ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിൽ വോഡഫോൺ ഐഡിയയെയും റിലയൻസ് ജിയോയെയും പിന്നിലാക്കി എയർടെൽ മുന്നിലെത്തി. ജിയോ 2.14 മില്യൺ പുതിയ വയർലെസ് സബ്‌സ്‌ക്രൈബർമാരെ കൂട്ടിച്ചേർത്തപ്പോൾ എയർടെൽ 2.98 മില്യൺ ആളുകളെ സ്വന്തമാക്കി. വോഡഫോൺ ഐഡിയക്ക് 198.82 മില്യൺ ഉപഭോക്താക്കളെയാണ് ചേർക്കാൻ സാധിച്ചത്.
asdasd

