ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം': കേസ് അട്ടിമറിച്ചെന്ന് എസ്‌ഐടി റിപ്പോര്‍ട്ട്


ഷീബ വിജയൻ

തിരുവനന്തപുരം: നവകേരളയാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വിവാദ രക്ഷാപ്രവര്‍ത്തന അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോര്‍ട്ട്. അന്വേഷണ സംഘത്തലവനായ എസ്പി ഷൗക്കത്തലി ഡിജിപിക്ക് നേരിട്ടാണ് റിപ്പോര്‍ട്ട് കൈമാറിയത്. എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ ആദ്യം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴികളും, കേസ് ഡയറി തിരുത്തിയതുമുള്‍പ്പെടെയുള്ള ഗുരുതരമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ടെന്നാണ് സൂചന.

എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ക്ക് ഈ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ ഈ കേസില്‍ എഡിജിപി അജിത് കുമാറിനെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ഏറെ നിര്‍ണായകമാകും. നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ പ്രതിഷേധിച്ച കെഎസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരായ പൊലീസുകാര്‍ മര്‍ദ്ദിച്ച കേസിലാണ് അട്ടിമറി നടന്നിരിക്കുന്നത്.

പിണറായി വിജയന്റെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിച്ചു വരുത്തി അവിടെവെച്ച് കേസ് ഡയറി തിരുത്തിയെന്നാണ് മുന്‍ അന്വേഷണ സംഘം എഡിജിപിക്കെതിരെ മൊഴി നല്‍കിയിരിക്കുന്നത്. എഡിജിപി അജിത് കുമാറിന്റെ പൂര്‍ണ്ണ അറിവോടെ, ഗ്രേഡ് എസ്‌ഐമാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്ന് രേഖകള്‍ തിരുത്തുകയും തങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആദ്യ അന്വേഷണ സംഘത്തിന്റെ മൊഴിയിലുള്ളത്. രേഖകള്‍ എഡിജിപിയുടെ അറിവോടെയാണ് തിരുത്തിയതെന്ന് ഗ്രേഡ് എസ്‌ഐമാരും എസ്‌ഐടിയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറിയ ശേഷമാണ് കേസ് പുനരന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ചുപേരെ പ്രതി ചേര്‍ത്ത് എസ്‌ഐടി കോടതിയിലും ഡിജിപിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസില്‍ എഡിജിപി അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന് ഉടന്‍ തന്നെ ഉത്തരവിട്ടേക്കും.

article-image

dsadsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed