സൂപ്പർ ചലഞ്ചേഴ്സിനെ തകർത്ത് എഫ്.സി.സി റിഫയ്ക്ക് നാലാമത് ഈദ് കപ്പ് ക്രിക്കറ്റ് കിരീടം
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: എഫ്.സി.സി റിഫ ടീം ഈദിനോടനുബന്ധിച്ച് സംഘടിപ്പിച്ച നാലാമത് ഈദ് കപ്പ് 2026 ക്രിക്കറ്റ് ടൂർണമെന്റിൽ ആതിഥേയരായ എഫ്.സി.സി റിഫ ജേതാക്കളായി. എഫ്.സി.സി റിഫ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ടൂർണമെന്റിൽ എഫ്.സി.സി റിഫ, റിഫ റോക്കേഴ്സ്, എം.ടി.ഡി സ്ട്രൈക്കേഴ്സ്, സൂപ്പർ ചലഞ്ചേഴ്സ് എന്നീ നാല് പ്രമുഖ ടീമുകളാണ് മാറ്റുരച്ചത്. 10 ഓവർ വീതമുള്ള മത്സരങ്ങളായിരുന്നു ടൂർണമെന്റിൽ ഉണ്ടായിരുന്നത്.
ആദ്യ സെമി ഫൈനലിൽ റിഫ റോക്കേഴ്സിനെ 5 വിക്കറ്റിന് തോൽപ്പിച്ച് സൂപ്പർ ചലഞ്ചേഴ്സ് ഫൈനലിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത റിഫ റോക്കേഴ്സ് 10 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 89 റൺസെടുത്തപ്പോൾ, സൂപ്പർ ചലഞ്ചേഴ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 90 റൺസെടുത്ത് വിജയം കണ്ടു. രണ്ടാം സെമി ഫൈനലിൽ എം.ടി.ഡി സ്ട്രൈക്കേഴ്സിനെ 16 റൺസിന് പരാജയപ്പെടുത്തിയാണ് എഫ്.സി.സി റിഫ ഫൈനൽ ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത എഫ്.സി.സി റിഫ 2 വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന ശക്തമായ സ്കോർ പടുത്തുയർത്തി. 31 പന്തിൽ 7 ഫോറും 3 സിക്സറുകളുമടക്കം 86 റൺസ് അടിച്ചുകൂട്ടിയ രാജുവിന്റെ ബാറ്റിംഗാണ് എഫ്.സി.സിക്ക് തുണയായത്. മറുപടി ബാറ്റിംഗിലിറങ്ങിയ എം.ടി.ഡി സ്ട്രൈക്കേഴ്സിന് 7 വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുക്കാനേ സാധിച്ചുള്ളൂ. ലൂസേഴ്സ് ഫൈനലിൽ എം.ടി.ഡി സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി റിഫ റോക്കേഴ്സ് ടൂർണമെന്റിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി.
ഫൈനൽ പോരാട്ടത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൂപ്പർ ചലഞ്ചേഴ്സ് 3 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെന്ന കൂറ്റൻ വിജയലക്ഷ്യമാണ് എഫ്.സി.സി റിഫയ്ക്ക് മുന്നിൽ വെച്ചത്. എന്നാൽ മറുപടി ബാറ്റിംഗിൽ എഫ്.സി.സിയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റാഷിദ് അംബ്സിന്റെ തകർപ്പൻ പ്രകടനം കളി എഫ്.സി.സിക്ക് അനുകൂലമാക്കി. 32 പന്തിൽ 6 ഫോറും 5 സിക്സറുകളുമടക്കം 82 റൺസോടെ പുറത്താകാതെ നിന്ന റാഷിദ് ടീമിന് 7 വിക്കറ്റിന്റെ ഉജ്ജ്വല വിജയവും ഈദ് കപ്പും സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച ബാറ്ററായി ഫൈനലിലെ ഹീറോ റാഷിദ് അംബ്സിനെയും, മികച്ച കളിക്കാരനായി കരണിനെയും തെരഞ്ഞെടുത്തു.
sdfsdf

