സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 85.20 ശതമാനം വിജയം, തിരുവനന്തപുരം മേഖല ഒന്നാമത്
ശാരിക l ദേശീയം
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 85.20 ആണ് മൊത്തം വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. പെൺകുട്ടികളാണ് ഇത്തവണയും മുന്നിൽ; ആൺകുട്ടികളേക്കാൾ 6.73 ശതമാനം കൂടുതൽ വിജയം പെൺകുട്ടികൾ സ്വന്തമാക്കി.
മേഖലാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 95.62 ശതമാനം വിജയം കൈവരിച്ചുകൊണ്ട് തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി. ചെന്നൈ (93.84), ബംഗളൂരു (93.19), ഡൽഹി വെസ്റ്റ് (92.34), ഡൽഹി ഈസ്റ്റ് (91.73) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. പട്ടികയിൽ ഏറ്റവും പിന്നിലുള്ളത് 72.43 ശതമാനം വിജയം നേടിയ പ്രയാഗ്‌രാജ് മേഖലയാണ്.
ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പരീക്ഷയിൽ 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഇതിൽ 10.2 ലക്ഷം ആൺകുട്ടികളും 8.3 ലക്ഷം പെൺകുട്ടികളുമാണ്.
ഫലം പരിശോധിക്കേണ്ട വിധം
വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കോർകാർഡുകൾ cbse.gov.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി പരിശോധിക്കാവുന്നതാണ്. കൂടാതെ ഡിജിലോക്കർ, ഉമാംഗ് ആപ്പ്, ഐവിആർഎസ് (IVRS) എന്നീ സംവിധാനങ്ങൾ വഴിയും ഫലം ലഭ്യമാണ്.
ഇന്റർനെറ്റ് സൗകര്യം പരിമിതമായവർക്കായി ഐവിആർഎസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡൽഹിയിലുള്ളവർ 24300699 എന്ന നമ്പറിലും, മറ്റ് ഭാഗങ്ങളിലുള്ളവർ 011-24300699 എന്ന നമ്പറിലും വിളിച്ച് റോൾ നമ്പറും സ്കൂൾ കോഡും നൽകിയാൽ മാർക്ക് അറിയാൻ സാധിക്കും.
dsfsf

