പരീക്ഷകളിൽ റെക്കോർഡ് ഹാജർ; വിദ്യാർത്ഥികളുടെ അച്ചടക്കത്തെ പ്രശംസിച്ച് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ പൊതു-സ്വകാര്യ സ്കൂളുകളിൽ അടുത്തിടെ നടന്ന പരീക്ഷകളിൽ വിദ്യാർത്ഥികൾ മികച്ച അച്ചടക്കവും പങ്കാളിത്തവും രേഖപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് ജുമ. നിർബന്ധിതമല്ലാത്ത പരീക്ഷകളിൽ പോലും 94 ശതമാനത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തത് കുട്ടികളുടെ ഉത്തരവാദിത്തബോധമാണ് കാണിക്കുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തോടാണ് താൽപ്പര്യമെന്ന വാദങ്ങളെ ഈ കണക്കുകൾ തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വായനാ മൂല്യനിർണ്ണയമായ 'PIRLS'-ൽ നാലാം ക്ലാസ് വിദ്യാർത്ഥികൾ 94 ശതമാനം ഹാജർ രേഖപ്പെടുത്തി. ഗണിത-ശാസ്ത്ര പരീക്ഷയായ 'TIMSS'-ൽ നാലും എട്ടും ക്ലാസുകളിലെ കുട്ടികൾ യഥാക്രമം 94%, 95% എന്നിങ്ങനെ പങ്കാളിത്തം ഉറപ്പാക്കി. ഒമ്പത്, പന്ത്രണ്ട് ക്ലാസുകളിലെ ദേശീയ പരീക്ഷകളിൽ 96 ശതമാനം വരെ ഹാജർ രേഖപ്പെടുത്തിയപ്പോൾ, ഇന്റർനാഷണൽ ബാക്കലറിയേറ്റ് പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷയിൽ 98 ശതമാനം കുട്ടികളും പങ്കെടുത്തു. കുട്ടികളുടെ ഈ ആവേശം രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരമാണ് സൂചിപ്പിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
dsfsdf

