കേരളത്തിലെ പരാജയം ആഘാതം; പശ്ചിമ ബംഗാളിലെ ബിജെപി വിജയത്തിൽ ആശങ്കയുമായി സിപിഎം
ശാരിക I ദേശീയം
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി പരസ്യമായി സമ്മതിച്ച് സിപിഎം കേന്ദ്ര നേതൃത്വം. പത്ത് വർഷത്തെ ഭരണത്തിന് ശേഷം എൽഡിഎഫിനുണ്ടായ പരാജയം പാർട്ടിയെ സംബന്ധിച്ച് വലിയ ആഘാതമാണെന്നും ഇതിന്റെ കാരണങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഭരണവിരുദ്ധ തരംഗം ഉണ്ടായതായി പാർട്ടി വിലയിരുത്തുന്നു. കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾക്കിടയിലും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയെങ്കിലും അത് ജനവിധി അനുകൂലമാക്കാൻ സഹായിച്ചില്ല. പരാജയകാരണങ്ങളെക്കുറിച്ച് പാർട്ടി ആഴത്തിലുള്ള 'ആത്മപരിശോധന' നടത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം, പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നതിനെതിരെ പോളിറ്റ് ബ്യൂറോ ആശങ്ക രേഖപ്പെടുത്തി. തൃണമൂൽ സർക്കാരിന്റെ അഴിമതിയും ബിജെപിയുടെ വർഗീയ ധ്രുവീകരണവുമാണ് അവിടെ വിജയം നേടിക്കൊടുത്തതെന്ന് പാർട്ടി കുറ്റപ്പെടുത്തി. എങ്കിലും ബംഗാളിൽ ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം മുൻപത്തെക്കാൾ നേരിയ തോതിൽ വർദ്ധിപ്പിക്കാനായത് ആശ്വാസകരമാണെന്നും പ്രസ്താവനയിൽ പറയുന്നു.
aa

