യുഎഇ പൗരന്മാർക്ക് ഇറാൻ, ലെബനൻ, ഇറാഖ് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്; അടിയന്തരമായി മടങ്ങാൻ നിർദ്ദേശം
പ്രദീപ് പുറവങ്കര I ഗൾഫ്
അബുദാബി: മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് ഇറാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യുഎഇ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം യാത്രാവിലക്ക് ഏർപ്പെടുത്തി. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. നിലവിൽ ഈ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ പൗരന്മാർ എത്രയും വേഗം അവിടം വിട്ട് സ്വദേശത്തേക്ക് മടങ്ങണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
വിദേശത്തുള്ള തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടി. മന്ത്രാലയം പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും പൗരന്മാർ കർശനമായി പാലിക്കണമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഊന്നിപ്പറയുന്നു.
മുൻകരുതൽ നടപടികളുടെ ഭാഗമായി ഇറാൻ, ലെബനൻ, ഇറാഖ് എന്നിവിടങ്ങളിൽ താമസിക്കുന്ന പൗരന്മാർ അടിയന്തരമായി മന്ത്രാലയവുമായി ബന്ധപ്പെടണം. പൗരന്മാരുടെ സുരക്ഷ മുൻനിർത്തി രാജ്യം സ്വീകരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
dsfdsf

