വയനാട് ഭവനനിർമ്മാണം: പിരിച്ചതിനേക്കാൾ കൂടുതൽ പണം ചെലവഴിച്ചെന്ന് കോൺഗ്രസ്; കണക്കുകൾ പുറത്തുവിട്ടു
ഷീബ വിജയൻ
വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പിരിച്ച പണത്തിന്റെ കൃത്യമായ കണക്കുകൾ കോൺഗ്രസ് പരസ്യപ്പെടുത്തി. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും ജോയിന്റ് അക്കൗണ്ട് വഴി 5.38 കോടി രൂപയാണ് സമാഹരിച്ചത്. എന്നാൽ ഇതിനകം തന്നെ ഭൂമി വാങ്ങുന്നതിനും മറ്റു സൗകര്യങ്ങൾക്കുമായി 6.27 കോടി രൂപയോളം ചെലവഴിച്ചതായി സണ്ണി ജോസഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടത്തിൽ മൂന്നേക്കറോളം ഭൂമി വാങ്ങാനായി 3.68 കോടിയും രണ്ടാം ഘട്ടത്തിൽ രണ്ടേക്കറോളം ഭൂമിക്കായി 2.50 കോടിയുമാണ് ചെലവിട്ടത്.
കെപിസിസിയുടെ തനത് ഫണ്ടിൽ നിന്നുള്ള അധിക തുക കൂടി ഉപയോഗിച്ചാണ് നിലവിലെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇനി വീട് നിർമ്മാണത്തിനായി പുതിയ പണപ്പിരിവ് നടത്തില്ലെന്നും പാർട്ടി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകൾ ആർക്കും പരിശോധിക്കാവുന്നതാണെന്നും കോൺഗ്രസ് നേതാക്കൾ കൂട്ടിചേർത്തു.
qwswaqdwq
