ബഹ്റൈനിൽ നഴ്സറികളും, ഭിന്നശേഷി സ്കൂളുകളും നാളെ മുതൽ തുറക്കും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള സ്കൂളുകൾ എന്നിവയുടെ പ്രവർത്തനം ഞായറാഴ്ച മുതൽ നേരിട്ട് ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. നിലവിലെ മുൻകരുതൽ നടപടികൾ പുനഃപരിശോധിച്ച ശേഷമാണ് മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം. അതേസമയം, മറ്റ് ഗ്രേഡുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈൻ പഠനം തന്നെ തുടരും.
കുട്ടികൾക്ക് നേരത്തെയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും കുടുംബങ്ങൾക്ക് കൂടുതൽ സൗകര്യം നൽകുന്നതിനുമാണ് ഈ ക്രമീകരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച മുതൽ രക്ഷിതാക്കൾക്ക് തങ്ങളുടെ താൽപ്പര്യപ്രകാരം കുട്ടികളെ നഴ്സറികളിലേക്കും കിന്റർഗാർട്ടനുകളിലേക്കും അയക്കാവുന്നതാണ്. സർക്കാർ-സ്വകാര്യ മേഖലകളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കും സ്കൂളുകളിൽ നേരിട്ടെത്തി പഠനം തുടരാം. ഇവർക്കായുള്ള എല്ലാ വിദ്യാഭ്യാസ-പിന്തുണ സേവനങ്ങളും സാധാരണ നിലയിൽ ലഭ്യമാകും.
അന്താരാഷ്ട്ര യോഗ്യതകളുമായി ബന്ധപ്പെട്ട പരീക്ഷകൾ നടത്തുന്നതിന് സ്വകാര്യ സ്കൂളുകൾക്ക് മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. വിദേശ പരീക്ഷാ ബോർഡുകളുമായി സഹകരിച്ച് കൃത്യമായ ചട്ടക്കൂടുകൾക്ക് വിധേയമായിട്ടായിരിക്കും ഇത്. വിദ്യാർത്ഥികളുടെ അക്കാദമിക് പുരോഗതി തടസ്സപ്പെടാതിരിക്കാനാണ് ഈ നീക്കം. പരീക്ഷ എഴുതാൻ സാധിക്കാത്ത സാഹചര്യമുള്ളവർക്കായി ഫലത്തെ ബാധിക്കാത്ത രീതിയിലുള്ള ബദൽ മൂല്യനിർണ്ണയ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ അറിയിച്ചു.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി പഠനവും മൂല്യനിർണ്ണയവും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു. മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്ന അധ്യാപകർക്കും സ്കൂൾ അധികൃതർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
eqfdssaaswdas
