ലഹരിമരുന്ന് വില്പന: ബംഗ്ലാദേശ് സ്വദേശി വിചാരണ നേരിടുന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: നാലാം വയസ്സ് മുതൽ ബഹ്‌റൈനിൽ താമസിക്കുകയും ഇവിടെ തന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്ത 21 വയസ്സുകാരനായ ബംഗ്ലാദേശി യുവാവ് ലഹരിമരുന്ന് വില്പനക്കേസിൽ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. പഠനത്തിന് ശേഷം ജോലി കണ്ടെത്താൻ കഴിയാതിരുന്നതാണ് തന്നെ ലഹരി ഇടപാടുകളിലേക്ക് നയിച്ചതെന്ന് യുവാവ് കോടതിയിൽ മൊഴി നൽകി. രാജ്യത്തെ പ്രമുഖ സ്വകാര്യ സ്കൂളിൽ പത്താം ക്ലാസ് വരെ പഠിച്ച ഇയാൾ നിലവിൽ മാതാപിതാക്കളുടെ കൂടെയാണ് താമസിക്കുന്നത്.
മൂന്ന് മാസം മുമ്പാണ് താൻ ലിറിക്ക (Lyrica) ഗുളികകൾ ഉപയോഗിച്ചു തുടങ്ങിയതെന്നും പാക്കിസ്ഥാൻ സ്വദേശിയായ ഒരാളാണ് തനിക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നതെന്നും പ്രതി വെളിപ്പെടുത്തി. പിന്നീട് ഇയാളുടെ നിർദ്ദേശപ്രകാരം 'ഡെഡ് മെയിൽ' (Dead Mail) രീതിയിൽ ലഹരിമരുന്ന് നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കുന്ന ജോലി ഇയാൾ ഏറ്റെടുക്കുകയായിരുന്നു. ഓരോ ലൊക്കേഷനിൽ മരുന്ന് എത്തിക്കുന്നതിനും രണ്ട് ബഹ്‌റൈൻ ദിനാർ വീതമാണ് പ്രതിഫലം ലഭിച്ചിരുന്നത്. ലഹരി ഓയിൽ (CBD Oil) മുക്കിയ A4 പേപ്പറുകൾ ശേഖരിച്ച് അവ ചെറിയ കഷണങ്ങളാക്കി മുറിച്ചാണ് ഇയാൾ ആവശ്യക്കാർക്ക് എത്തിച്ചിരുന്നത്. ലഹരിമരുന്ന് എത്തിക്കേണ്ട സ്ഥലം ഓൺലൈൻ വഴിയാണ് ഇയാൾക്ക് ലഭിച്ചിരുന്നത്.
മനാമയിലെ ഒരു പ്രത്യേക ബ്ലോക്കിൽ ലഹരിമരുന്ന് ഇടപാടുകൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് യുവാവ് പിടിയിലായത്. അർദ്ധരാത്രിക്ക് ശേഷം ഒഴിഞ്ഞ പറമ്പിൽ സംശയാസ്പദമായ രീതിയിൽ സാധനങ്ങൾ വെക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസുകാരൻ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്നും ശരീരത്തിൽ നിന്നും ലഹരിമരുന്ന് കലർന്ന പേപ്പറുകളും ലിറിക്ക ഗുളികകളും കണ്ടെടുത്തു.
പരിശോധനയിൽ ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചതായും തെളിഞ്ഞിട്ടുണ്ട്. തന്റെ ജീവിതച്ചെലവുകളെല്ലാം പിതാവാണ് നോക്കിയിരുന്നതെന്നും തൊഴിലില്ലായ്മ സൃഷ്ടിച്ച സാഹചര്യമാണ് തന്നെ ഈ വഴിയിലേക്ക് എത്തിച്ചതെന്നും യുവാവ് കോടതിയിൽ പറഞ്ഞു. കേസിൽ മാർച്ച് 31-ന് കോടതി വിധി പ്രസ്താവിക്കും.
DWASDESDESW


