മുൻ അംഗത്തിന് സ്നേഹവീട് ഒരുക്കി ബഹ്റൈൻ കേരളീയ സമാജം; താക്കോൽ രമേശ് ചെന്നിത്തല കൈമാറി
പ്രദീപ് പുറവങ്കര / മനാമ
നാല് പതിറ്റാണ്ടോളം ബഹ്റൈൻ പ്രവാസിയായിരുന്ന മുൻ സമാജം ഇൻഡോർ ഗെയിംസ് സെക്രട്ടറി പി.പി. സുകുമാരന് കൈത്താങ്ങായി ബഹ്റൈൻ കേരളീയ സമാജത്തിന്റെ (ബി.കെ.എസ്) സ്നേഹവീട്. ജീവിതസായാഹ്നത്തിൽ കടബാധ്യതയും രോഗവും മൂലം പ്രതിസന്ധിയിലായ സുകുമാരന് സമാജം ഭൂമി വിലയ്ക്ക് വാങ്ങിയാണ് വീട് നിർമ്മിച്ചു നൽകിയത്.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു. സമാജം നടത്തുന്ന മാതൃകാപരമായ ക്ഷേമപ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. ലോകമെമ്പാടുമുള്ള മലയാളി സംഘടനകൾക്ക് ബി.കെ.എസ് മാതൃകയാണെന്നും തന്റെ മണ്ഡലമായ ഹരിപ്പാട് പോലും സമാജം രണ്ട് വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അശരണരായ പ്രവാസികൾക്കായി സമാജം ആവിഷ്കരിച്ച ഭവന പദ്ധതിയിലൂടെ ഇതുവരെ 35 വീടുകൾ പൂർത്തിയാക്കിയതായി പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു. ഇതിനായി പ്രവാസികൾ നൽകിയ സഹകരണത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
sdfsdf
