ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദത്തിന് പുതിയ വാക്സിൻ
ശാരിക / വാഷിംഗ്ടൺ
സ്ത്രീകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കാൻസറാണ് സ്തനാർബുദം. ആഗോളതലത്തിൽ സ്ത്രീകളുടെ മരണകാരണമായ രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും സ്തനാർബുദമാണ്. വ്യാപകമായ ബോധവത്കരണത്തിലൂടെ സ്തനാർബുദത്തെ നേരത്തെ തിരിച്ചറിയാനും ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കാനും അതുവഴി മരണനിരക്ക് കുറക്കാനും സാധിച്ചിട്ടുണ്ട്. എന്നാൽ, അതിൽത്തന്നെ ചികിത്സിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതും അതിവേഗം പടരുന്നതുമായ ഒരു വകഭേദമാണ് ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദം (TNBC). മറ്റ് കാൻസറുകളെപ്പോലെ ഹോർമോൺ ചികിത്സകളോ ടാർഗെറ്റഡ് തെറാപ്പികളോ ഫലിക്കാത്ത ഈ മാരകരോഗം ഒരു പേടിസ്വപ്നം തന്നെയാണ്. എന്നാലിതാ, ഈ പേടിസ്വപ്നം അവസാനിപ്പിച്ചേക്കാവുന്ന ഒരു സുപ്രധാന കണ്ടെത്തലുമായി ശാസ്ത്രലോകമെത്തിയിരിക്കുന്നു. ലോകോത്തര ആരോഗ്യ സ്ഥാപനമായ ക്ലീവ്ലാൻഡ് ക്ലിനിക്കിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത ഒരു പുതിയ വാക്സിൻ, ടിഎൻബിസിക്കെതിരായ പോരാട്ടത്തിൽ വലിയ പ്രതീക്ഷ നൽകുന്ന ഫലങ്ങൾ നൽകിയിരിക്കുകയാണ്. ഇതിന്റെ ഒന്നാം ഘട്ട പരീക്ഷണ ഫലങ്ങൾ രോഗികൾക്കും ആരോഗ്യ വിദഗ്ധർക്കും ഒരുപോലെ ആശ്വാസമേകുന്നു.
സ്തനാർബുദ കോശങ്ങളിൽ സാധാരണ കാണപ്പെടുന്ന മൂന്ന് പ്രധാന റിസപ്റ്ററുകളായ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ റിസപ്റ്ററുകൾ, HER2 പ്രോട്ടീൻ എന്നിവ ടിഎൻബിസിയിൽ ഇല്ലാത്തതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. റിസപ്റ്ററുകൾ ഇല്ലാത്തതിനാൽ, മറ്റ് സ്തനാർബുദങ്ങൾക്ക് നൽകുന്ന ഹോർമോൺ തെറാപ്പികളും ചില പ്രത്യേക ടാർഗെറ്റഡ് മരുന്നുകളും ടിഎൻബിസിയിൽ പ്രവർത്തിക്കില്ല. ഇത് ചികിത്സാ സാധ്യതകൾ പരിമിതപ്പെടുത്തുകയും രോഗം വീണ്ടും വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ക്ലീവ്ലാൻഡ് ക്ലിനിക്കിന്റെ പുതിയ വാക്സിൻ, ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ഉപയോഗിച്ച് കാൻസർ കോശങ്ങളെ ഇല്ലാതാക്കുക എന്ന തന്ത്രമാണ് സ്വീകരിക്കുന്നത്. ഈ വാക്സിൻ ലക്ഷ്യമിടുന്നത് ആൽഫാ-ലാക്റ്റാൽബുമിൻ എന്ന പ്രോട്ടീനെയാണ്.
സാധാരണയായി മുലയൂട്ടുന്ന സമയത്ത് മാത്രം സ്തനങ്ങളിൽ കാണപ്പെടുന്ന ഈ പ്രോട്ടീൻ, ടിഎൻബിസി ട്യൂമറുകളിൽ അസാധാരണമായി കാണപ്പെടാറുണ്ട്. വാക്സിൻ ശരീരത്തിന് നൽകുന്നതോടെ, പ്രതിരോധ സംവിധാനം ആൽഫാ-ലാക്റ്റാൽബുമിൻ പ്രോട്ടീൻ ഉള്ള കോശങ്ങളെ 'ശത്രു'ക്കളായി തിരിച്ചറിയാൻ പഠിക്കുന്നു. ഇതുവഴി, ടിഎൻബിസി കോശങ്ങൾ രൂപപ്പെടുന്നതിന് മുമ്പ് തന്നെ അവയെ നശിപ്പിക്കാൻ പ്രതിരോധ സംവിധാനം സജ്ജമാകുന്നു. ഇത് രോഗം വരുന്നത് തടയാനും വീണ്ടും വരാതെ നോക്കാനും സഹായിച്ചേക്കാം. സുരക്ഷയും ശരീരത്തിന്റെ പ്രതിരോധ പ്രതികരണവും വിലയിരുത്തുന്നതിനായി 35 പേരിൽ നടത്തിയ ഒന്നാം ഘട്ട പരീക്ഷണത്തിന്റെ അന്തിമഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വാക്സിൻ സ്വീകരിച്ചവരിൽ ഏകദേശം 74% പേരും വിജയകരമായ പ്രതിരോധ പ്രതികരണം പ്രകടിപ്പിച്ചു.
ആൽഫാ-ലാക്റ്റാൽബുമിനെ ലക്ഷ്യമിടുന്ന ടി സെല്ലുകൾ അവരുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഇത് വാക്സിൻ ശരിയായ രീതിയിൽ ശരീരത്തെ പരിശീലിപ്പിച്ചു എന്നതിന്റെ തെളിവാണെന്ന് പറയപ്പെടുന്നു. പരീക്ഷിച്ച ഡോസുകളിൽ വാക്സിൻ സുരക്ഷിതമാണെന്നും കണ്ടെത്തി. കുത്തിവയ്പ്പ് എടുത്ത സ്ഥലത്തെ ചർമത്തിൽ നേരിയ വീക്കം പോലുള്ള ചെറിയ പാർശ്വഫലങ്ങൾ മാത്രമാണ് പരീക്ഷണം നടത്തിയവരിൽ കാണപ്പെട്ടത്. മറ്റു ഗുരുതരമായ പ്രശ്നങ്ങളൊന്നും നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ടിഎൻബിസിയുടെ ചികിത്സാരംഗത്തെ ഒരു നാഴികക്കല്ലാണ് ഈ കണ്ടെത്തൽ.
ഒന്നാം ഘട്ടത്തിലെ ഈ മികച്ച ഫലങ്ങൾ, രോഗികൾക്ക് അവരുടെ ജീവിതം തിരിച്ചുപിടിക്കാൻ ഒരു പുതിയ വാതിൽ തുറക്കുന്നു. മറ്റേതൊരു കാൻസർ ചികിത്സയിലും ഉള്ളതുപോലെ, രോഗം വീണ്ടും വരാതിരിക്കുക, കൂടുതൽ കാലം ജീവിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഈ വാക്സിന് എത്രത്തോളം സ്വാധീനമുണ്ടാകും എന്ന് തെളിയിക്കാൻ ഇനിയും കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമുണ്ട്. രോഗം ഭേദമാക്കുന്നതിലുള്ള ഫലപ്രാപ്തി വിലയിരുത്തുന്ന രണ്ടാം ഘട്ട പരീക്ഷണങ്ങൾ ഉടനെ തന്നെ നടക്കും. സാംക്രമിക രോഗങ്ങൾക്കുള്ള പ്രതിരോധ മാർഗം എന്നതിലുപരി, കാൻസർ ചികിത്സയുടെ ഭാവിയിൽ വാക്സിനുകൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ട് എന്ന് ഈ ഗവേഷണം അടിവരയിടുന്നു.
ഏതാനും വർഷങ്ങൾക്കുള്ളിൽ, ഏറ്റവും മാരകമായ സ്തനാർബുദത്തെ പ്രതിരോധിക്കാൻ ഒരു കുത്തിവയ്പ്പിലൂടെ സാധിച്ചേക്കാം എന്ന പ്രതീക്ഷ ശാസ്ത്രലോകത്തിന് മാത്രമല്ല, രോഗഭീതിയിൽ കഴിയുന്ന ലക്ഷക്കണക്കിന് ആളുകൾക്കും ലഭിക്കുന്ന ഏറ്റവും വലിയ ആശ്വാസമാണ്.
sfdsdf
