ബഹ്‌റൈൻ സാമ്പത്തിക വളർച്ചയുടെ പാതയിൽ; എണ്ണയിതര മേഖല 2030-ഓടെ 90 ശതമാനം കൈവരിച്ചേക്കും: ഐ.എം.എഫ്
പ്രദീപ് പുറവങ്കര
മനാമ : ബഹ്‌റൈൻ സാമ്പത്തിക വളർച്ചയുടെ സുസ്ഥിരമായ പാതയിലാണെന്നും, രാജ്യത്തിന്റെ എണ്ണയിതര മേഖല മൊത്തം ഉത്പാദനത്തിന്റെ (ജി.ഡി.പി.) ഏകദേശം 90 ശതമാനം 2030-ഓടെ കൈവരിക്കാൻ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) പ്രവചിച്ചു.
ഐ.എം.എഫ്. മിഷൻ ചീഫ് ജോൺ ബ്ലൂഡോണിന്റെ നേതൃത്വത്തിലുള്ള സംഘം നവംബർ 9 മുതൽ 20 വരെ മനാമയിൽ നടത്തിയ ചർച്ചകളുടെ റിപ്പോർട്ടിലാണ് ബഹ്‌റൈന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഈ ശുഭകരമായ വിലയിരുത്തൽ. അടുത്ത ജനുവരിയിൽ ഐ.എം.എഫ്. എക്സിക്യൂട്ടീവ് ബോർഡ് ഈ കൺസൾട്ടേഷൻ അവലോകനം ചെയ്യും.
ആഗോള, പ്രാദേശിക പ്രതിസന്ധികൾക്കിടയിലും, 2024-ൽ ബഹ്‌റൈന്റെ യഥാർഥ ജി.ഡി.പി. 2.6 ശതമാനം വളർച്ച കൈവരിച്ചതായി ഐ.എം.എഫ്. സ്റ്റാഫ് റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ പണപ്പെരുപ്പം 0.9 ശതമാനം മാത്രമായിരുന്നു. 2025-ൽ വളർച്ച 2.9 ശതമാനമായും 2026-ൽ 3.3 ശതമാനമായും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. റിഫൈനറി നവീകരണങ്ങൾ, ടൂറിസം, ധനകാര്യ മേഖല ഉൾപ്പെടെയുള്ള സേവന മേഖലയിലെ ശക്തമായ പ്രകടനം എന്നിവ ഈ വളർച്ചയ്ക്ക് പിന്തുണ നൽകും.
ഇടത്തരം കാലയളവിൽ യഥാർഥ ജി.ഡി.പി. ഏകദേശം മൂന്ന് ശതമാനം നിരക്കിൽ വളരുമെന്നാണ് പ്രവചനം. പണപ്പെരുപ്പം 2025-ൽ സ്ഥിരമായി തുടരുമെന്നും അതിനുശേഷം ക്രമേണ രണ്ട് ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നും ഐ.എം.എഫ്. വിലയിരുത്തി. കൂടുതൽ വളർച്ച ഉറപ്പാക്കുന്നതിനായി ചില ഘടനാപരമായ പരിഷ്കാരങ്ങൾ തുടരണം എന്നും ഐ.എം.എഫ്. നിർദ്ദേശിച്ചിട്ടുണ്ട്. ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി), ഇതര രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കുക, ബഹ്‌റൈന്റെ ബിസിനസ് സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
sfsdfs
