കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിലെത്തി


പ്രദീപ് പുറവങ്കര മനാമ l ഗൾഫ് സന്ദർശനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിലെത്തി. ഇന്ന് പുലർച്ച 12:30 ഓടെ തിരുവനന്തപുരത്ത് നിന്നുള്ള ​ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ എംബസി പ്രതിനിധികളും സംഘാടക സമിതി അംഗങ്ങളും മറ്റ് പ്രമുഖരും സ്വീകരിച്ചു. ഇവിടെ നടന്ന സ്വീകരണ ചടങ്ങിന് ശേഷം അദ്ദേഹവും സംഘവും താമസിക്കുന്ന ഫോർ സീസൺ ഹൊട്ടലിലേയ്ക്ക് പോയി. ഇന്ന് ഔ​ദ്യോ​ഗിക പരിപാടികൾ ഒന്നും തന്നെ ഇല്ല. നാളെ വൈകീട്ട് ബഹ്റൈൻ കേരളീയ സമാജത്തിൽ മലയാളി പ്രവാസികൾ ഒത്തൊരുമിക്കുന്ന മലയാളം മിഷന്‍റെയും ലോകകേരള സഭാംഗങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രവാസി മലയാളി സംഗമത്തിൽ ഉദ്ഘാടകനായി മുഖ്യമന്ത്രി പങ്കെടുക്കും. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക്, പത്മശ്രീ എം.എ. യൂസുഫ് അലി എന്നിവരുടെ സാന്നിധ്യവുമുണ്ടാകും. നാളത്തെ സംഗമത്തിനുശേഷം മുഖ്യമന്ത്രി ഒക്ടോബർ 18ന് (മറ്റന്നാൾ) നാട്ടിലേക്കുതന്നെ തിരിക്കും. മുഖ്യമന്ത്രി പദവി ഏറ്റെടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം ബഹ്റൈനിലെത്തുന്നത്. 2017 ഫെബ്രവരി മാസം നടത്തിയ ആ സന്ദർശനത്തിലാണ് ലോകകേരളസഭയുടെ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. ഇത്തവണത്തെ സന്ദർശനത്തിലും സമാനമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നാളെ നടത്തുന്ന പ്രസം​ഗത്തിൽ നോർക്ക, ലോക കേരളസഭ, മലയാളം മിഷൻ, പ്രവാസി ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി തുടങ്ങിയ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെപറ്റി മുഖ്യമന്ത്രി സംസാരിക്കുമെന്നും പ്രതീക്ഷിക്കുന്നു. സംഗമം വിജയിപ്പിക്കാനാവശ്യമായ വിവിധ തയാറെടുപ്പുകൾ സ്വാഗതസംഘത്തിന്‍റെ നേതൃത്വത്തിൽ നടന്നുവരുകയാണ്. കേരളീയ സമാജത്തിലെ ഹാളും പരിസരവും സംഗമത്തിനായി സജ്ജമാക്കിയിട്ടുണ്ട്. പുറത്ത് എൽ.ഇ.ഡി സ്ക്രീൻ സ്ഥാപിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ഏകദേശം 5000ത്തോളം പേരെ പ്രതീക്ഷിക്കുന്ന പരിപാടിയായതിനാൽ ജനങ്ങൾ നേരത്തെതന്നെ എത്തണമെന്നാണ് അറിയിച്ചത്. കൃത്യം 6.30ന് ഔദ്യോഗിക പരിപാടികൾക്ക് തുടക്കമാകും. അതേസമയം മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്കരിക്കുമെന്ന അറിയിപ്പാണ് യുഡിഎഫുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബഹ്റൈനിലെ പ്രവാസി സംഘടനകൾ നൽകിയിട്ടുള്ളത്. ഓഐസിസി, ഐവൈസിസി, കെഎംസിസി, ഐ വൈ സി ഇന്റർനാഷണൽ, ലീഡർ സ്റ്റഡി സെൻ്റർ തുടങ്ങിയ സംഘടനകളാണ് ബഹിഷ്കരാണാഹ്വാനം നൽകിയിട്ടുള്ളത്. 2017 ൽ മുഖ്യമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനത്തിൽ പ്രവാസി സമൂഹത്തെ സാക്ഷിയാക്കി നൽകിയിട്ടുള്ള ഉറപ്പുകളൊന്നും നടപ്പാക്കിയിട്ടില്ലെന്നും പ്രതിപക്ഷ കക്ഷികളെ വിശ്വാസത്തിൽ എടുക്കാതെ തിരഞ്ഞെടുപ്പും വോട്ടും ലാക്കാക്കി നടത്തുന്ന പര്യാടനമാണിതെന്നും അവർ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ​ഗൾഫ് സന്ദർശനത്തിന്‍റെ കേന്ദ്ര അനുമതിയുമായി ബന്ധപ്പെട്ട് നേരത്തെ ചില ആശങ്കകൾ നിലനിന്നിരുന്നു. എന്നാൽ, സൗദി ഒഴികെ മറ്റെല്ലാം ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അനുമതിയാണ് പിന്നീട് ലഭിക്കുകയായിരുന്നു. ബഹ്റൈൻ സന്ദർശനത്തിനുശേഷം ഒക്ടോബർ 24ന് മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കും. 30ന് ഖത്തറിലും നവംബർ ഏഴിന് കുവൈത്തിലും നവംബർ എട്ടിന് യു.എ.ഇയിലും മുഖ്യമന്ത്രി എത്തിച്ചേരും.

article-image

sdfsf

article-image

sdfsdf

You might also like

  • Straight Forward

Most Viewed