കുവൈത്തിൽ പൊതുമാപ്പിന്റെ ആനുകൂല്യം നേടിയവർ 10 ശതമാനം മാത്രം

കുവൈത്ത് സിറ്റി : പൊതുമാപ്പിന്റെ കാലാവധി അവസാനിക്കാൻ വെറും ഒരാഴ്ച മാത്രം ബാക്കി നിൽക്കേ കുവൈത്തിലെ അനധികൃത താമസക്കാരായ വിദേശികളിൽ 10 ശതമാനത്തിൽ താഴെ മാത്രമേ നാടുവിടുകയോ താമസം നിയമാനുസൃതമാക്കുകയോ ചെയ്തിട്ടുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു.
പൊതുമാപ്പിന്റെ കാലാവധി ഫെബ്രുവരി 22ന് അവസാനിക്കുന്നതോടെ അനധികൃത താമസക്കാർക്കുവേണ്ടിയുള്ള വേട്ട ശക്തമാക്കുമെന്നും അധികൃതർ സൂചിപ്പിച്ചു. കുവൈത്തിലാകെ മുപ്പതിനായിരം ഇന്ത്യക്കാരടക്കം 1.54 ലക്ഷം അനധികൃത കുടിയേറ്റക്കാരാണുള്ളത്. പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗിച്ച് നാടുവിട്ടവരും താമസാനുമതി ക്രമപ്പെടുത്തിയവരും ഇതുവരെ 15,000നു താഴെ മാത്രം. ഇതാണു സ്ഥിതിയെങ്കിൽ ഒരാഴ്ച കഴിയുന്പോൾ അനധികൃത കുടിയേറ്റക്കാരിൽ കാൽഭാഗം പോലും പൊതുമാപ്പിന്റെ ആനുകൂല്യം കൈപ്പറ്റിയവരായി ഉണ്ടാകില്ലെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ പറയുന്നു.
ആറരവർഷത്തിനുശേഷം ഇതാദ്യമായാണ് കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. അന്നും 25 ശതമാനം പേർ മാത്രമാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. നാട്ടിലേയ്ക്ക് തിരിച്ചുപോകുന്നവരെ കരിന്പട്ടികയിൽപ്പെടുത്തില്ലെന്നും ജോലി കിട്ടുന്ന മുറയ്ക്ക് അവർക്ക് തിരിച്ചുവരാമെന്നുമുള്ള പൊതുമാപ്പിന്റെ ഇളവ് പ്രയോജനപ്പെടുത്തി മടങ്ങിപോയവരിൽ നല്ലൊരു പങ്കും മലയാളികളാണ്. താമസം നിയമപരമാക്കിയവരിലേറെയും മലയാളികൾ.
പൊതുമാപ്പു തേടിയെത്തുന്നവരുടെ വിരലടയാളം രേഖപ്പെടുത്തുന്നതാണ് പലരേയും മാപ്പിന്റെ ആനുകൂല്യം നേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇതു തിരികെ വരുന്നത് തടയാനാണെന്നാണ് പല പ്രവാസികളും കരുതുന്നത്. വിരലടയാളമെടുത്ത് കുറ്റാന്വേഷണ വിഭാഗത്തിൽ അയച്ച് അനധികൃത താമസക്കാർ കുറ്റവാളികളല്ലെന്ന് സ്ഥിരീകരിച്ച് നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കാനോ താമസാനുമതി നിയമവിധേയമാക്കാനോ ഉള്ള നടപടിക്രമമാണിത്.
എന്നാൽ വിരലടയാളമെടുത്തു കരിന്പട്ടികയിൽപെടുത്തുമെന്ന് ആശങ്കയുള്ളവർ മാത്രമല്ല കുറ്റവാളികളും പൊതുമാപ്പിന്റെ ആനുകൂല്യം നേടാനെത്താത്തതാണ് ഈ ശതമാനക്കുറവിന് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആറര വർഷത്തിനുശേഷവും ഒളിവിൽ കഴിഞ്ഞു പണിയെടുക്കാമെന്നു കരുതുന്നവരെ കൂട്ടത്തോടെ പിടികൂടുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.