ഖത്തർ അമീറും ഇറ്റാലിയൻ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

ദോഹ : ഇറ്റാലിയൻ പ്രധാനമന്ത്രി പൗലോ ജെന്റിലോണിയുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ ദോഹയിലെത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രിയെയും പ്രതിനിധി സംഘത്തെയും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ധനമന്ത്രി അലി ഷരീഫ് അൽ ഇമാദി, ഇറ്റലിയിലെ ഖത്തർ സ്ഥാനപതി അബ്ദുല്ലസ്സീസ് ബിന്‍ അഹമ്മദ് അൽ മാൽകി അൽ ജുഹാനി, ഖത്തറിലെ ഇറ്റാലിയന്‍ സ്ഥാനപതി പാസ്‌കുലേ സാൽസനോ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
തുടർന്ന് അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ജെന്റിലോണിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയും അമീർ പ്രകടിപ്പിച്ചു. ഖത്തറുമായി എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുന്നതിലുള്ള ഇറ്റലിയുടെ പ്രതിബദ്ധത ജെന്റിലോണിയും വെളിപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അവ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരുവരും ചർച്ച ചെയ്തു. ഗൾഫ് പ്രതിസന്ധിയും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പുരോഗതികളും ലിബിയയും ചർച്ച ചെയ്തു.
ഇറ്റാലിയൻ ചേംബർ ഓഫ് ഡെപ്യൂട്ടീസിലേയും സെനറ്റിലേയും പ്രതിനിധി സംഘവുമായും അമീർ കൂടിക്കാഴ്ച നടത്തി.