ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് കൊടിയേറി

ഷാർജ : ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് കൊടിയേറി. ഇന്നലെ രാവിലെ ഷാർജ എക്‌സ്‌പോ സെന്ററിലെ ബാൾ റൂമിൽ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പതിവുപോലെ മുപ്പത്തിയാറാം വർഷത്തെ മേളയും ഉദ്ഘാടനം ചെയ്തത്. എന്റെ പുസ്തകത്തിൽ ഒരു ലോകം എന്ന സന്ദേശവുമായാണ് പുസ്തകമേളക്ക് കൊടിയേറിയത്. ചരിത്രാന്വേഷണവും കവിത ചർച്ചയും ഉൾപ്പെടെ തന്റെ നാല് പുതിയ പുസ്തകങ്ങൾ കൂടി ഡോ. ശൈഖ് സുൽത്താൻ ഉദ്ഘാടനവേളയിൽ പ്രഖ്യാപിച്ചു.
ഈവർഷത്തെ സാംസ്കാരിക വ്യക്തിത്വത്തിനുള്ള പുരസ്കാരം മുൻ ഈജിപ്ഷ്യൻസാംസ്കാരിക മന്ത്രി ഡോ. മുഹമ്മദ് സാബിർ അറബിൻ സമ്മാനിച്ചു. കൂടുതൽ വിപലുമായ പുസ്തകമേളയാണ് ഇത്തവണത്തേത്. ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് റഖാദ് അൽ അംറിയും ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യയിൽനിന്നുള്ള പുസ്തകപ്രസാധകർ അണിനിരക്കുന്ന ഇന്ത്യാ പവലിയനും ഇതോടെ പ്രവർത്തനമാരംഭിച്ചു. നയതന്ത്രജ്ഞനും എഴുത്തുകാരനുമായ വികാസ് സ്വരൂപും നീരജ് അഗർവാളും ചേർന്ന് പവലിയൻ ഉദ്ഘാടനം ചെയ്തു.